ആർലിംഗ്ടൺ: ഫിഫ ലോകകപ്പിൽ നിർണായകമായ ഗ്രൂപ്പ് എഫ് മത്സരത്തിൽ ജപ്പാനും സ്വീഡനും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഈ സമനിലയോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ ജപ്പാൻ, പ്രീ-ക്വാർട്ടറിൽ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെ നേരിടും.(Japan vs Sweden, Japan Draws With Sweden And Faces Brazil In Knockout Stage)
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും കരുതലോടെയാണ് കളിച്ചത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജപ്പാൻ മുന്നിലെത്തി. റിറ്റ്സു ഡോവാൻ നൽകിയ കൃത്യമായ പാസ് സ്വീകരിച്ച് ഡൈസൻ മേഡയാണ് ജപ്പാനുവേണ്ടി ലക്ഷ്യം കണ്ടത്. എന്നാൽ ആ ലീഡിന് അധികം ആയുസ്സുണ്ടായില്ല. മിനിറ്റുകൾക്കുള്ളിൽ ആന്റണി എലാങ്ക സ്വീഡനായി തിരിച്ചടിച്ചു. ബോക്സിന് പുറത്തുനിന്നുള്ള എലാങ്കയുടെ തകർപ്പൻ ലോംഗ് റേഞ്ചർ ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയെ നിസ്സഹായനാക്കി വലയിൽ പതിച്ചു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വിജയം പിടിച്ചെടുക്കാൻ സ്വീഡൻ കിണഞ്ഞു പരിശ്രമിച്ചു. ഇഞ്ചുറി ടൈമിൽ അലക്സാണ്ടർ ഇസാക്കിന്റെ തകർപ്പൻ ഹെഡർ ജപ്പാൻ ഗോൾകീപ്പർ സുസുക്കി വിരലുകൾകൊണ്ട് തട്ടിത്തെറിപ്പിച്ച് ക്രോസ് ബാറിലിടിക്കുകയായിരുന്നു. ഇതോടെ ജപ്പാൻ തോൽവിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി ജപ്പാൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഏഴ് പോയിന്റ് നേടിയ നെതർലൻഡ്സാണ് ഗ്രൂപ്പിൽ ഒന്നാമത്. നാല് പോയിന്റുള്ള സ്വീഡൻ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടംപിടിച്ച് നോക്കൗട്ടിലേക്ക് യോഗ്യത നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടുണീഷ്യയെ 3-1ന് തോൽപ്പിച്ചാണ് നെതർലൻഡ്സ് ഗ്രൂപ്പ് ജേതാക്കളായത്. തിങ്കളാഴ്ച ഹ്യൂസ്റ്റണിൽ വച്ചാണ് ബ്രസീലിനെതിരായ ജപ്പാന്റെ നോക്കൗട്ട് പോരാട്ടം നടക്കുക.
Story Summary
Japan secured a spot in the World Cup knockout stage after a hard-fought 1-1 draw against Sweden, setting up a challenging Round of 32 clash against Brazil. Despite Daizen Maeda’s early second-half goal, Anthony Elanga leveled the score for Sweden, who also advanced as one of the best third-place teams.

