Sunday, February 8, 2026
HomeKerala'ക്രിമിനലുകൾക്ക് പരോൾ വാരിക്കോരി നൽകുന്നു': അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച്...

‘ക്രിമിനലുകൾക്ക് പരോൾ വാരിക്കോരി നൽകുന്നു’: അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം, നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് | Kerala Assembly Session

തിരുവനന്തപുരം: പ്രതികൾക്ക് ചട്ടങ്ങൾ ലംഘിച്ച് പരോൾ നൽകുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ഇതിൽ പ്രതിഷേധിച്ചും സർക്കാരിന്റെ ‘ക്രിമിനൽ പ്രീണന’ നയത്തിനെതിരെയും പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.(Opposition boycotts the Kerala Assembly Session in protest against the rejection of the emergency resolution notice)

സർക്കാരിനും സി.പി.ഐ.എമ്മിനും കുറ്റവാളികളെ ഭയമാണെന്നും അതുകൊണ്ടാണ് പരോൾ വാരിക്കോരി നൽകുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർക്ക് ഒരു മാസത്തിനിടെ മൂന്ന് തവണ വരെ പരോൾ നൽകി. ടി.പി. കേസിലെ പ്രതികൾ മൂന്ന് വർഷത്തോളമാണ് പുറത്ത് കഴിഞ്ഞത്.

സഭയിൽ ഉന്നയിച്ച ഗൗരവമേറിയ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. കെ.കെ. രമയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും സതീശൻ പരിഹസിച്ചു. പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനെ വധിക്കാനാണോ ക്രിമിനലുകളെ പരോളിലിറക്കുന്നതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര പ്രമേയം തള്ളിയതോടെ സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര് നടന്നു. ഭരണപക്ഷത്തെ വിരട്ടാൻ ആരും വരേണ്ടെന്നും തങ്ങളാരും ഓട് പൊളിച്ച് വന്നവരല്ലെന്നും മന്ത്രി വി ശിവൻകുട്ടി തിരിച്ചടിച്ചു. സ്വർണ്ണക്കള്ളന്മാർ സോണിയാ ഗാന്ധിയെ കാണാനാണ് പോയതെന്നും അദ്ദേഹം പരിഹസിച്ചു. ഇതിനിടെ കെ.ടി. ജലീലും പ്രതിപക്ഷവും തമ്മിൽ മുദ്രാവാക്യം വിളികളാൽ സഭ പ്രക്ഷുബ്ധമായി. രാവിലെ 11 മണിയോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

പരോൾ നൽകുന്നത് കൃത്യമായ ചട്ടപ്രകാരമാണെന്നും പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും മന്ത്രി എം.ബി. രാജേഷ് മറുപടി നൽകി. ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവമായതിനാൽ അടിയന്തര പ്രധാന്യമില്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ നോട്ടീസ് തള്ളിയത്. സഭയിലെ ബഹളങ്ങൾക്കിടയിലും ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ മന്ത്രി വി. അബ്ദുറഹ്മാൻ മറുപടി നൽകി. കമ്മീഷന്റെ 284 ശുപാർശകളിൽ ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള 40 എണ്ണത്തിൽ 31 എണ്ണവും ഇതിനകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. 36 വകുപ്പുകളിലായാണ് മറ്റ് ശുപാർശകൾ നടപ്പിലാക്കേണ്ടതെന്നും നടപടികൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates