കൊച്ചി: ‘നദികളിൽ സുന്ദരി യമുന’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ‘പ്രകമ്പനം’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും നവരസ ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം, ഹൊറർ-കോമഡി ജോണറിൽ മലയാളികൾക്ക് ഒരു കംപ്ലീറ്റ് എന്റർടൈനറാണ് സമ്മാനിക്കുന്നത്.
എറണാകുളം നഗരത്തിലെ ഒരു ബോയ്സ് ഹോസ്റ്റലിനെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. കണ്ണൂരുകാരനായ നിരീശ്വരവാദി സിദ്ധാർത്ഥൻ, ഉഴപ്പനായ പുണ്യാളൻ, സോഷ്യൽ മീഡിയയിൽ സജീവമായ ശങ്കരൻ, ഈ മൂവർ സംഘം കോളേജ് ഇലക്ഷൻ തന്ത്രങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി എത്തിപ്പെടുന്ന നിഗൂഢമായ സാഹചര്യങ്ങളും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിദ്ധാർത്ഥന്റെ അച്ചമ്മയായ ചെമ്പകത്തമ്മയുടെ (മല്ലിക സുകുമാരൻ) മരണാനന്തര ചടങ്ങുകളും അതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും പരിഹാസ്യ രൂപത്തിൽ ചിത്രം ചർച്ച ചെയ്യുന്നുണ്ട്.
അടുത്തിടെ കണ്ട വില്ലൻ വേഷങ്ങളിൽ നിന്ന് മാറി, സാഗർ സൂര്യയുടെ തമാശ കലർന്ന പ്രകടനം ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റാണ്. ഗണപതിയുടെ കോമഡി ടൈമിംഗും അമീനുമായുള്ള കെമിസ്ട്രിയും പ്രേക്ഷകരെ ഉടനീളം ചിരിപ്പിക്കുന്നു. കണ്ണൂർ സ്ലാങ്ങിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച മല്ലിക സുകുമാരനും ‘സ്റ്റാൻസിലാവോസ്കി’ എന്ന വേഷത്തിലെത്തിയ രാജേഷ് മാധവനും കൈയ്യടി നേടുന്നു.
അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ വെള്ളിത്തിരയിലെ അവസാന പ്രകടനം പ്രേക്ഷകർക്ക് വൈകാരികമായ ഒരു അനുഭവം കൂടിയായി മാറുന്നുണ്ട്. അശ്ലീല സംഭാഷണങ്ങളോ ദ്വയാർത്ഥ പ്രയോഗങ്ങളോ ഇല്ലാതെ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കാൻ തിരക്കഥാകൃത്ത് ശ്രീഹരി വടക്കന് സാധിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ആൽബി ആന്റണിയുടെ ദൃശ്യഭംഗിയും ശങ്കർ ശർമയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മികച്ചൊരു ഹൊറർ മൂഡ് നൽകുന്നു. ‘രോമാഞ്ചം’, ‘അടി കപ്യാരേ കൂട്ടമണി’ തുടങ്ങിയ ചിത്രങ്ങളുടെ വൈബ് ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ഒരു കുടുംബചിത്രമാണ് ‘പ്രകമ്പനം’.



