തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ നാലെണ്ണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. എന്നാൽ ഇവിടെ മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ്. നിയമസഭാ നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരം ഇരു പാർട്ടികളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും.(Seat sharing heats up in UDF, Congress wants 4 seats)
വിജയസാധ്യത മുൻനിർത്തിയാണ് കേരള കോൺഗ്രസിന്റെ പക്കലുള്ള നാല് മണ്ഡലങ്ങൾ ഏറ്റെടുക്കാൻ കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ, കോതമംഗലം എന്നിവയാണിവ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം മത്സരിച്ച പത്തിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത് എന്ന വസ്തുതയും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.



