സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉത്പാദനം നിർത്തിവെച്ചതിന് പിന്നിൽ പാക്കിങ് വസ്തുക്കളുടെ ലഭ്യതക്കുറവാണെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി ( Jawan liquor shortage). യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുംമുമ്പേ തന്നെ 750 ML മദ്യത്തിന്റെ ഉത്പാദനം നിലച്ചിരുന്നു. തുടർന്ന് 1000 ML ഉത്പാദനവും മുടങ്ങി. ഈ വിഷയം ബെവ്‌കോ മാനേജ്‌മെന്റ് സർക്കാരിനെ കൃത്യമായി അറിയിച്ചിട്ടില്ലെന്നും, ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജവാൻ മദ്യത്തിന്റെ ലഭ്യതക്കുറവ് ഉടൻ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
നിലവിൽ പ്രഖ്യാപിച്ച മദ്യനയം നികുതിയുമായി ബന്ധപ്പെട്ടത് മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ എക്സൈസ് വകുപ്പിന് നേരിട്ട് പങ്കില്ലെന്നും, അബ്കാരി നയത്തിൽ സമഗ്രമായ ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഗുണകരമായ മദ്യനയമായിരിക്കും സർക്കാർ പ്രഖ്യാപിക്കുക. വീര്യം കുറഞ്ഞ മദ്യം അവതരിപ്പിച്ച മുൻ സർക്കാരിന്റെ തീരുമാനത്തിൽ പുനരാലോചനയുണ്ടാകും. പുതിയ ബ്രാണ്ടി ഉത്പാദിപ്പിക്കുന്നതിനായി യന്ത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും, നിർമാണം ആരംഭിക്കണമോ എന്ന കാര്യത്തിൽ കൂടുതൽ ആലോചനകൾക്ക് ശേഷമേ തീരുമാനമെടുക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Summary: Excise Minister M. Liju has addressed the shortage of ‘Jawan’ liquor, stating that the production halted due to a scarcity of packaging materials, a problem that existed even before the current government took office. He assured that production would resume soon and promised strict action against the Bevco management for failing to inform the government about the shortage.

