ഫിഫ ലോകകപ്പ് 2026-ൽ അർജന്റീനയുടെ കുതിപ്പിനിടെ, സൂപ്പർ താരം ലയണൽ മെസ്സിയുടെ കുടുംബത്തെ ആശങ്കയിലാക്കി പിതാവ് ഹോർഹെ മെസ്സിയുടെ ആരോഗ്യനില വഷളായെന്ന വാർത്ത പുറത്തുവന്നു (Lionel Messi Father Health). അൾജീരിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഹാട്രിക് നേടിയതിന് പിന്നാലെ മെസ്സി കണ്ണീരണിഞ്ഞത് വലിയ ചർച്ചയായിരുന്നു. മത്സരവുമായി ബന്ധപ്പെട്ടല്ല, മറിച്ച് തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ് തന്നെ തളർത്തിയതെന്നും താൻ പ്രയാസകരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മെസ്സി അന്ന് വ്യക്തമാക്കിയിരുന്നു.
ഹോർഹെ മെസ്സി നിലവിൽ മെഡിക്കൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരികയാണെന്നും കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. മെസ്സിയുടെ പിതാവിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന അനാവശ്യമായ അഭ്യൂഹങ്ങളിലും വ്യാജ വാർത്തകളിലും കുടുംബം അതൃപ്തി രേഖപ്പെടുത്തി. ഇത്തരം സ്വകാര്യ വിഷയങ്ങളിൽ മാധ്യമങ്ങൾ കാണിക്കുന്ന അവിവേകത്തിനെതിരെയും കുടുംബം ശക്തമായി പ്രതികരിച്ചു.
“ഒരു വ്യക്തിയുടെ ആരോഗ്യവും അവരുടെ കുടുംബത്തിന്റെ സമാധാനവും ഊഹാപോഹങ്ങൾക്ക് വിഷയമാകരുത്,” എന്ന് മെസ്സിയുടെ കുടുംബം പ്രസ്താവനയിൽ വ്യക്തമാക്കി. അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് ജോർജ് മെസ്സിയുടെ ആരോഗ്യനിലയെക്കുറിച്ച് കൃത്യമായ വിവരമുള്ളതെന്നും, കുടുംബത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി വരാത്ത വാർത്തകൾ വിശ്വസിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
പിതാവിന്റെ അസുഖവിവരങ്ങൾക്കിടയിലും മൈതാനത്ത് മെസ്സി അത്ഭുതങ്ങൾ തുടരുകയാണ്. ലോകകപ്പിലെ തന്റെ ആദ്യ ഹാട്രിക് നേട്ടത്തിനൊപ്പം, ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം (16 ഗോളുകൾ) മെസ്സി ഒന്നാമതെത്തി. കൂടാതെ അർജന്റീനയ്ക്കായി 200 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കി. ജൂൺ 22-ന് ടെക്സാസിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഓസ്ട്രിയക്കെതിരെയാണ് അർജന്റീനയുടെ അടുത്ത പോരാട്ടം.
Summary: Lionel Messi’s family has confirmed that his father, Jorge Messi, is currently under medical supervision due to a “health-related situation,” but is recovering well. This news follows an emotional post-match interview where Messi tearfully revealed that he had been enduring “difficult, complicated days” unrelated to football.

