ന്യൂയോർക്കിലെ ഒരു മൾട്ടി-മില്യൺ ഡോളർ കമ്പനിയുടെ സിഇഒ ആണ് ഹേമാക്ഷി മോട്ക. മാരത്തോണുകൾ ഓടിത്തീർത്ത, സ്വന്തം കഴിവും അധ്വാനവും കൊണ്ട് വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു ആധുനിക വനിത. എന്നാൽ, സ്വന്തം മുത്തശ്ശിയുടെ മുന്നിൽ ഇതൊന്നും വലിയൊരു നേട്ടമായി തോന്നുന്നില്ല എന്നതാണ് വാസ്തവം. അടുത്തിടെ ഇന്ത്യയിൽ വെച്ചുണ്ടായ ഒരു രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Hemakshi Motka Viral Video)
ഇന്ത്യയിലെ ഒരു ചടങ്ങിൽ പങ്കെടുത്ത മുത്തശ്ശിക്ക് അവിടെ വിതരണം ചെയ്ത ഒരു പുതപ്പ് ലഭിച്ചില്ല. വിവാഹിതരായ പെൺമക്കൾക്ക് മാത്രമായിരുന്നു പുതപ്പുകൾ നൽകിയിരുന്നത്. വിവാഹം കഴിക്കാത്തതിനാൽ ഹേമാക്ഷിക്ക് വേണ്ടി പുതപ്പ് ലഭിക്കാത്തതിൽ മുത്തശ്ശിക്ക് വലിയ സങ്കടം. “ഞാൻ ഒരു മൾട്ടി-മില്യൺ ഡോളർ കമ്പനി നടത്തുന്നു, 42 കിലോമീറ്റർ മാരത്തോൺ ഓടിയിട്ടുണ്ട്, ഇതൊന്നും ആ പുതപ്പിന് മുന്നിൽ വിലപ്പോയില്ല,” എന്ന് ഹേമാക്ഷി ചിരിയോടെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു.
ഈ സംഭവം മുത്തശ്ശിയുടെ സ്നേഹത്തിന്റെ ഭാഗമാണെങ്കിലും, വിവാഹത്തിന് ശേഷമേ സ്ത്രീകളുടെ നേട്ടങ്ങൾക്ക് അംഗീകാരം ലഭിക്കൂ എന്ന ചിന്താഗതിയെ ഹേമാക്ഷി വിമർശിക്കുന്നുണ്ട്. വിവാഹമോ പങ്കാളിയുടെ അംഗീകാരമോ അല്ല, സ്വന്തം ജീവിതം സ്വയം പടുത്തുയർത്തുന്നതാണ് ഒരു സ്ത്രീയുടെ യഥാർത്ഥ വിജയമെന്ന് അവർ ഓർമ്മിപ്പിക്കുന്നു. സ്വന്തം വ്യക്തിത്വം നിലനിർത്തുക എന്നതിനാണ് അവർ മുൻഗണന നൽകുന്നത്.
സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വലിയ ചർച്ചയായിട്ടുണ്ട്. മുത്തശ്ശിയുടെ തലമുറയുടെ ചിന്താഗതിയാണിതെന്ന് ചിലർ പറയുമ്പോൾ, “അടുത്ത ചടങ്ങിന് അവിവാഹിതരായ പെൺമക്കൾക്ക് പുതപ്പ് നൽകുന്ന ഒരു ചടങ്ങ് നിങ്ങൾ തന്നെ സംഘടിപ്പിക്കൂ” എന്നാണ് ഒരാൾ കമന്റ് ചെയ്തത്. മുത്തശ്ശിയുടെ നിഷ്കളങ്കമായ സങ്കടത്തെ കൗതുകത്തോടെയാണ് പലരും കാണുന്നത്.

