തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന നിർണായക പ്രഖ്യാപനങ്ങൾ. ദീർഘകാലമായി കർഷകർ ആവശ്യപ്പെട്ടുകൊണ്ടിരുന്ന റബർ തറവില 200 രൂപയിൽ നിന്നും 250 രൂപയായി ഉയർത്തി സർക്കാർ ഉത്തരവായി. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം കൃഷി, ടൂറിസം, ക്ഷീരവികസനം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളെ സമഗ്രമായി പരിഷ്കരിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.(Kerala Budget 2026 Rubber Price Hike and Development Projects)
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷിയെ ലാഭകരമാക്കുന്നതോടൊപ്പം, കാർഷിക മേഖലയുമായി ടൂറിസത്തെ കോർത്തിണക്കി ‘ഫാം ടൂറിസം’ രീതികൾക്ക് മുൻഗണന നൽകും. ഇതിലൂടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും യുവാക്കൾക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.
സംസ്ഥാനത്തിന്റെ പാൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് 102 കോടി രൂപയാണ് ക്ഷീരവികസന വകുപ്പിന് അനുവദിച്ചിരിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററിലെത്തിക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി വർധിപ്പിച്ചു. ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാർപ്പിട പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു.
ടൂറിസം മേഖലയെ ഔദ്യോഗിക വ്യവസായ പദവിയിലേക്ക് ഉയർത്താനാണ് സർക്കാർ തീരുമാനം. ഇതിനായി 325 കോടി രൂപ വകയിരുത്തി. സ്മാർട്ട് ടൂറിസം ആപ്പുകൾ, മുസിരിസ് പൈതൃക ടൂറിസം വികസനം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ നിന്നുള്ള മലിനീകരണം പൂർണമായും ഒഴിവാക്കാൻ ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.
Story Summary
The Kerala state budget brings major relief to farmers by increasing the rubber floor price to ₹250 per kg. It also focuses on boosting the dairy sector, providing welfare schemes for fishers, and promoting tourism as an official industry with a significant financial allocation.

