തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചാൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾ വരുംദിവസങ്ങളിൽ കുത്തനെ വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ഷിഗെല്ല ബാധയ്‌ക്കെതിരെയും സംസ്ഥാനത്തുടനീളം കടുത്ത ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.(Kerala On High Alert Over Infectious Disease Spread And Nipah Update)
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. രോഗി വെന്റിലേറ്ററിൽ തുടരുകയാണ്. രോഗിയുമായി സമ്പർക്കത്തിലായ 104 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 4 പേർ ഹൈയെസ്റ്റ് റിസ്ക് വിഭാഗത്തിലും 14 പേർ ഹൈറിസ്ക് വിഭാഗത്തിലുമാണ്. രോഗിയുമായി സമ്പർക്കത്തിലായ ഒരു ആരോഗ്യപ്രവർത്തകയുടെയും ബന്ധുവിന്റെയും പരിശോധനാ ഫലം ഇന്നലെ നെഗറ്റീവായത് ആശ്വാസകരമാണ്. സമ്പർക്ക പട്ടികയിലുള്ള മറ്റ് 4 പേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് ആശങ്കയുണ്ട്. പൊതുജനങ്ങൾ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.
Story Summary
Kerala is facing a health crisis due to the rising threat of infectious diseases like Dengue, Leptospirosis, and Shigella, with authorities urging immediate sanitation measures. Meanwhile, the Nipah-infected youth in Kozhikode remains on a ventilator, and health officials continue to monitor over 100 people who were in close contact with him.

