ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാം ആപ്പിന് ഭാരത സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായ ‘മാഫിയകളെ’ പിടികൂടുന്നതിന് പകരം, ആപ്പ് നിരോധിച്ച് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുകയാണ് സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Rahul Gandhi criticizes Telegram ban ahead of NEET UG 2026 re-examination)
“ടെലഗ്രാം നിരോധനം – പേപ്പർ ചോർച്ച തടയാൻ മോദി സർക്കാർ കണ്ടെത്തിയ പുതിയ തന്ത്രം. ചുരുക്കത്തിൽ പറഞ്ഞാൽ, കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീടിന് പൂട്ടിടുന്നു,” രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വർഷങ്ങളായി ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പഠനത്തിനായും നോട്ട്സ് പങ്കുവെക്കാനും ടെലഗ്രാം ഉപയോഗിക്കുന്നുണ്ട്. ഈ സൗകര്യം ഇല്ലാതാക്കുന്നത് എങ്ങനെയാണ് പേപ്പർ ചോർച്ചയ്ക്ക് പരിഹാരമാകുകയെന്ന് അദ്ദേഹം ചോദിച്ചു.
ഈ നിരോധനം പൂർണ്ണമായ പരിഹാരമല്ലെന്നും, പേപ്പർ ചോർച്ച നടത്തുന്ന മാഫിയകൾക്ക് ഇതിനെ മറികടക്കാൻ മറ്റ് വഴികൾ കണ്ടെത്താനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “അടുത്തതായി വാട്സാപ്പിനെ നിരോധിക്കുമോ?” എന്നും അദ്ദേഹം ചോദിച്ചു. പരീക്ഷാ ദിവസങ്ങളിൽ വിദ്യാർത്ഥികളെ പരിശോധിക്കുന്നതും നടപടികൾ കടുപ്പിക്കുന്നതും കേവലം ‘നാടകം’ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. പേപ്പർ ചോർച്ചാ മാഫിയകൾക്ക് സർക്കാരിന്റെ സംരക്ഷണമുണ്ടെന്നും, അവർക്കെതിരെയാണ് യഥാർത്ഥ നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂൺ 21-ന് നടക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാനാണ് ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) വിശദീകരിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാനും, പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്ത് ചോദ്യപേപ്പർ ചോർന്നതായി തെറ്റിദ്ധരിപ്പിക്കാനും ടെലഗ്രാമിലെ മെസ്സേജ് എഡിറ്റിംഗ് ഫീച്ചർ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജൂൺ 22 വരെയാണ് ആപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ടെലഗ്രാം സിഇഒ പവൽ ദുറോവും സർക്കാർ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Story Summary
Leader of Opposition Rahul Gandhi has criticized the government’s temporary restriction on the Telegram app ahead of the NEET UG 2026 re-examination, labeling it as a “new trick” that punishes students rather than the paper leak mafia. While the NTA defends the move as a necessary step to curb cheating rackets and misinformation, both opposition leaders and Telegram’s CEO have questioned the efficacy of such a broad ban.

