തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. ഈ മാസം മാത്രം 70 ഷിഗെല്ല കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ആകെ 146 കേസുകൾ റിപ്പോർട്ട് ചെയ്യുകയും അഞ്ചുപേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.(Shigella cases rise in Kerala government forms expert committee for containment)
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലായാണ് അഞ്ച് മരണങ്ങളും സംഭവിച്ചത്. ഇതിൽ കോഴിക്കോടും മലപ്പുറത്തും രണ്ട് മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്തു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ വന്ന വീഴ്ചയും തെരഞ്ഞെടുപ്പ് തിരക്കുകളും പകർച്ചവ്യാധികൾ വ്യാപിക്കാൻ കാരണമായതായി മന്ത്രി വിലയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും ഉത്തരവാദിത്തം ഈ വിഷയത്തിൽ നിർണ്ണായകമാണ്.
രോഗപ്പകർച്ച നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പ് പരിശോധനകൾ വിപുലീകരിച്ചു. ഓരോ സീസണിലും വരാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കുന്നതിനായി പ്രത്യേക കലണ്ടർ തയ്യാറാക്കും. പകർച്ചപ്പനി നിയന്ത്രിക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി ഒരു ഹൈപ്പവർ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ചെയർമാൻ: ഡോ. എസ്.എസ്. ലാൽ (ലോകാരോഗ്യ സംഘടന കൺസൾട്ടന്റ്), കോർഡിനേറ്റർ: ഷർമിള മേരി ജോസഫ് (പ്രിൻസിപ്പൽ സെക്രട്ടറി), കൺവീനർ: ഡോ. ശ്രീജിത്ത് എൻ. കുമാർ, എന്നിവരും സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടർമാരും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.
നിപ വൈറസ് ബാധ സംബന്ധിച്ചും മന്ത്രി വിശദീകരണം നൽകി. രോഗം സ്ഥിരീകരിച്ച ഒരാൾ ഒഴികെ സമ്പർക്കപ്പട്ടികയിലുള്ള 38 പേരിൽ 37 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. കോഴിക്കോട്ട് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.
Story Summary
Health Minister K. Muraleedharan has reported 70 new Shigella cases this month, bringing the total to 146 since January, with five fatalities across Malappuram, Kozhikode, and Thrissur. The government has formed a high-power committee of medical experts to spearhead prevention efforts and has also announced a seasonal calendar to proactively manage outbreaks in the future.

