പാലക്കാട്: വാളയാറിൽ അതിഥിത്തൊഴിലാളിയെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്.സി./എസ്.ടി. ജില്ലാ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ആണ് കർശന വ്യവസ്ഥകളോടെ ജാമ്യം നൽകിയത്. ആറാം പ്രതി വിനോദ് കുമാറിന് ജാമ്യഹർജി വൈകിയതിനാൽ നിലവിൽ പുറത്തിറങ്ങാനായില്ല.(Walayar mob lynching case, 8 accused granted bail)
അനു (38), പ്രസാദ് (34), മുരളി (38), അനന്തൻ (55), വിപിൻ (30), ജഗദീഷ് കുമാർ (44), ഷാജി (38), രാജേഷ് (31) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവർ മലമ്പുഴ ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങി. ഉപാധികളോടെയാണ് ജാമ്യം.
പ്രതികൾ പാലക്കാട് ജില്ല വിട്ടുപോകാൻ പാടില്ല, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, 50,000 രൂപയുടെ രണ്ട് ബോണ്ടുകൾ സമർപ്പിക്കണം, അന്വേഷണവുമായി സഹകരിക്കണം എന്നിവയാണ് ഉപാധികൾ. കഴിഞ്ഞ ഡിസംബർ 17-നാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായൺ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു സംഘടിത മർദ്ദനം.

