ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു (SIT Probe Ayodhya Ram Temple Donations). ഏകദേശം 7 മുതൽ 7.5 കോടി രൂപ വരെ കാണാനില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്നാണ് സർക്കാർ നടപടി. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഐജി കിരൺ എസ്, ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവരടങ്ങുന്നതാണ് എസ്.ഐ.ടി. ഏഴ് ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ടും 15 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് നിർദ്ദേശം.
ക്ഷേത്ര ട്രസ്റ്റിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയതോടെ വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറി. സംഭാവനകളിലെ പണം, സ്വർണ്ണാഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുടെ വിനിയോഗം സംബന്ധിച്ച് പൊതുജനങ്ങൾക്ക് വ്യക്തത നൽകണമെന്ന് ബിജെപിയിലെയും പ്രതിപക്ഷത്തെയും മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ നിർമ്മാണച്ചുമതല മാത്രമാണ് തന്റെ ഉത്തരവാദിത്തമെന്ന് ക്ഷേത്ര നിർമ്മാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര വ്യക്തമാക്കിയെങ്കിലും, സംഭാവനകളിൽ സുതാര്യത ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയിൽ വരെ ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിലെ നാല് വലിയ സംഭാവന പെട്ടികളിൽ നിന്നാണ് ദൈനംദിന വരിസംഖ്യ ശേഖരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ 11 ബാങ്ക് ജീവനക്കാരും മൂന്ന് ട്രസ്റ്റ് അംഗങ്ങളും അടങ്ങുന്ന 14 പേരടങ്ങുന്ന സംഘമാണ് പണം എണ്ണുന്നത്. ഔദ്യോഗിക രസീതുകൾ നൽകിയാണ് മറ്റ് സംഭാവനകൾ സ്വീകരിക്കുന്നതെന്നും, അതിനാൽ രസീതുകളുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ക്രമക്കേടിന് സാധ്യതയില്ലെന്നും ട്രസ്റ്റ് വൃത്തങ്ങൾ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്ന വിഷയമായതിനാൽ സത്യം പുറത്തുകൊണ്ടുവരണമെന്ന് തന്നെയാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം. 2024 ജനുവരിയിലെ ഉദ്ഘാടനത്തിന് ശേഷം മാത്രം കോടിക്കണക്കിന് രൂപയാണ് രാമക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചത്.
Summary: The Uttar Pradesh government has constituted a Special Investigation Team (SIT) to probe allegations of siphoning off donations from the Ayodhya Ram Temple, following claims by Samajwadi Party chief Akhilesh Yadav that nearly Rs 7-7.5 crore is missing. The SIT, led by senior administrative and police officials, has been tasked with submitting a preliminary report within a week.

