യുഎസും ഇറാനും തമ്മിലുള്ള നിർണ്ണായക ധാരണാപത്രത്തിന്റെ അന്തിമ കരട് പുറത്തുവന്നു. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് മുതൽ എണ്ണ ഉപരോധത്തിൽ ഇളവ് നൽകുന്നത് വരെ നീളുന്ന സുപ്രധാന തീരുമാനങ്ങളാണ് കരടിലുള്ളത്. ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇരുരാജ്യങ്ങളും അന്തിമ കരാറിൽ ഒപ്പുവെക്കുകയാണെങ്കിൽ 60 ദിവസത്തിനുള്ളിൽ ഇതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യും. (US-Iran Draft Agreement)
ധാരണാപത്രത്തിലെ പ്രധാന കാര്യങ്ങൾ:
ഹോർമുസ് കടലിടുക്ക്: കരാർ നിലവിൽ വരുന്നതോടെ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി ഇറാൻ തുറന്നുകൊടുക്കും. ഇതിന് പകരമായി ഇറാനിയൻ തുറമുഖങ്ങൾക്കെതിരെ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം നീക്കും.
സാമ്പത്തിക ഇളവുകൾ: നിശ്ചിത കാലത്തേക്ക് ഇറാന്റെ എണ്ണ ഉപരോധത്തിൽ യുഎസ് ഇളവുനൽകും, ഇത് എണ്ണ വിൽപനയിലൂടെ വരുമാനം നേടാൻ ഇറാനെ സഹായിക്കും. മരവിപ്പിക്കപ്പെട്ട 25 ബില്യൺ ഡോളറിന്റെ ഇറാന്റെ ആസ്തികൾ വിവിധ മാർഗ്ഗങ്ങളിലൂടെ (നേരിട്ടുള്ള പണം, ക്രെഡിറ്റ് ലൈനുകൾ) തിരികെ നൽകാനും ധാരണയായിട്ടുണ്ട്. കരാർ കാലയളവിൽ ഇറാനുമേൽ പുതിയ ഉപരോധങ്ങൾ ഉണ്ടാകില്ല.
ആണവ നിബന്ധനകൾ: ഇറാൻ ആണവായുധങ്ങൾ നിർമിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്ന് സമ്മതിച്ചു. അന്തിമ കരാർ എത്തുന്നതുവരെ നിലവിലെ ആണവനില തുടരും; അതായത് പുതിയ യുറേനിയം സമ്പുഷ്ടീകരണമോ ആണവ കേന്ദ്രങ്ങളുടെ വികസനമോ ഉണ്ടാകില്ല. നിലവിൽ കൈവശമുള്ള ഉയർന്ന തോതിലുള്ള യുറേനിയം ശേഖരം ഇറാനിൽ വെച്ചുതന്നെ നേർപ്പിക്കാൻ യുഎസ് അനുമതി നൽകി.
ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചാൽ, യുറേനിയം നേർപ്പിക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളും കരാറിന്റെ മറ്റ് വിശദാംശങ്ങളും വരും ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടും.
Summary: The US and Iran have reached a draft agreement aimed at easing regional tensions. Key provisions include the reopening of the Strait of Hormuz to commercial traffic, the lifting of maritime blockades on Iranian ports, and temporary relief from oil export sanctions for Iran. Additionally, the US will unfreeze $25 billion in Iranian assets, while Iran has committed to halting further nuclear enrichment and weapon development. The agreement outlines a 60-day window to finalize technical details, including the dilution of existing high-grade uranium reserves.

