ചട്ടഗ്രാം: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം താരം നയീം ഹസനെ പോലീസ് ഉദ്യോഗസ്ഥർ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി (Nayeem Hasan Alleged Assault). തന്റെ ജന്മനാടായ ചട്ടഗ്രാമിൽ വെച്ച് ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് നയീം ഹസൻ ആരോപിച്ചു. ധാക്ക പ്രീമിയർ ലീഗിലെ മത്സരത്തിന് ശേഷം വിമാനമിറങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് താൻ പോലീസിന്റെ പിടിയിലായതെന്ന് താരം പറഞ്ഞു. ലാൽഖാൻ ബസാർ ഫ്‌ളൈഓവറിന് താഴെ വെച്ച് പോലീസ് വാഹനം തടയുകയും രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. താൻ സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും ഉദ്യോഗസ്ഥർ തന്നെ കഴുത്തിന് പിടിച്ചുതള്ളുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് നയീം വെളിപ്പെടുത്തി.
താനൊരു ദേശീയ ക്രിക്കറ്റ് താരമാണെന്ന് പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥർ കേൾക്കാൻ തയ്യാറായില്ലെന്ന് താരം ആരോപിച്ചു. പിന്നീട് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഫോൺ കോളുകൾ ലഭിച്ചതിന് ശേഷമാണ് അവരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കടുത്ത ആശങ്ക രേഖപ്പെടുത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ദേശീയ താരത്തോടുള്ള ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ബിസിബി പ്രസ്താവനയിൽ അറിയിച്ചു. പരാതിയെത്തുടർന്ന് ചട്ടഗ്രാം മെട്രോപൊളിറ്റൻ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമീറുൽ ഇസ്ലാം ഉറപ്പുനൽകി. സിംബാബ്‌വെക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിൽ നയീം ഹസൻ അംഗമാണ്.
Summary: Bangladesh Test cricketer Nayeem Hasan has alleged that he was harassed, abused, and physically assaulted by law enforcement officers in his hometown of Chattogram on Saturday night. The incident reportedly occurred when his vehicle was stopped at the Lalkhan Bazar flyover. Despite identifying himself as a national athlete, Nayeem claims police dragged him into their vehicle and beat him, only changing their attitude after receiving phone calls.

