ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ സൈനിക ഉന്നത ഉദ്യോഗസ്ഥനായി വേഷം മാറി പൊതുസ്ഥലങ്ങളിൽ കറങ്ങിനടന്ന 21-കാരൻ പിടിയിൽ. ആര്യൻ വർമ്മ എന്ന യുവാവാണ് സൈന്യം ഒരുക്കിയ കെണിയിൽ കുടുങ്ങി പിടിയിലായത് (Fake Brigadier Arrested in UP). ബ്രിഗേഡിയർ യൂണിഫോം ധരിച്ച് ആഡംബര എസ്യുവിയിൽ രണ്ട് അംഗരക്ഷകർക്കൊപ്പമാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. താൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള ഉന്നത ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ഏപ്രിൽ മാസം മുതൽ സൈനിക രഹസ്യാന്വേഷണ വിഭാഗം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു.
ഈ യുവാവിനെ പിടികൂടാൻ സൈന്യം അതീവ ബുദ്ധിപരമായ ഒരു കെണിയാണ് ഒരുക്കിയത്. സൈനിക റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രചോദനമേകാൻ ഒരു സെമിനാർ സംഘടിപ്പിക്കുന്നുണ്ടെന്നും അതിൽ മുഖ്യാതിഥിയായി പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട് സൈനികർ സിവിൽ വേഷത്തിൽ ഇയാളെ ക്ഷണിക്കുകയായിരുന്നു. ഷാജഹാൻപൂർ കന്റോൺമെന്റ് ഏരിയയിലെ ശഹീദ് മ്യൂസിയത്തിൽ സംഘടിപ്പിച്ച ഈ വ്യാജ പരിപാടിയിലേക്ക് വെള്ളിയാഴ്ച രാവിലെ ബ്രിഗേഡിയർ യൂണിഫോമിലെത്തിയ ആര്യൻ വർമ്മയെ സൈനികർ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.
ഇയാളുടെ പക്കൽ നിന്ന് വ്യാജ തോക്കും റെജിമെന്റൽ വടിയും ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് ഡീനിന്റെ മുദ്രയുള്ള വ്യാജ ഐഡി കാർഡും കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന ഡ്രൈവറിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു. അംഗരക്ഷകരെ എൻഎസ്ജി കമാൻഡോകളായാണ് ഇയാൾ പരിചയപ്പെടുത്തിയിരുന്നത്. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിയാണ് താനെന്നും എന്നാൽ തുടർച്ചയായി പരാജയപ്പെട്ടുവെന്നും ഇയാൾ സമ്മതിച്ചു. ഇത്രയും വലിയൊരു തട്ടിപ്പ് എന്തിനാണ് ചെയ്തതെന്നോ ഇതിന്റെ പിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്നോ ഉള്ള കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് സൗരഭ് ദീക്ഷിത് അറിയിച്ചു. പ്രതിയെ തുടർനടപടികൾക്കായി പോലീസിന് കൈമാറും.
Summary: A 21-year-old man named Aryan Verma was arrested in Shahjahanpur, Uttar Pradesh, after posing as a high-ranking Army Brigadier for several months. Army officials tracked the suspect since April and eventually apprehended him through a sting operation by inviting him to a fake motivational seminar for recruits. Verma, who was traveling with fake bodyguards and in a uniform adorned with forged insignia, was discovered to be a NEET aspirant with no actual military background.

