മെക്സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ വിജയം. സ്വന്തം കാണികൾക്ക് മുന്നിൽ ആവേശകരമായ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ പട പരാജയപ്പെടുത്തിയത്. ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസും 67-ാം മിനിറ്റിൽ റൗൾ ജിമെനെസുമാണ് മെക്സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്.(Mexico Defeats South Africa In 2026 World Cup Opener)
മത്സരത്തിന്റെ തുടക്കം മുതൽ മെക്സിക്കോയുടെ ആധിപത്യമായിരുന്നു കളത്തിൽ കണ്ടത്. ഒൻപതാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ക്വിനോനസ് മെക്സിക്കോയ്ക്ക് ലീഡ് സമ്മാനിച്ചു. ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പറിൽ നിന്ന് ലഭിച്ച പന്ത് വരുതിയിലാക്കുന്നതിൽ പ്രതിരോധ താരങ്ങൾ വരുത്തിയ വീഴ്ച മുതലെടുത്താണ് മെക്സിക്കോ അക്കൗണ്ട് തുറന്നത്. 42-ാം മിനിറ്റിൽ മെക്സിക്കോയുടെ തുടർച്ചയായ രണ്ട് മികച്ച നീക്കങ്ങൾ അവിശ്വസനീയമായി തടഞ്ഞിട്ട ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവൻ വില്യംസിന്റെ പ്രകടനം ടീമിനെ വലിയ തോൽവിയിൽ നിന്ന് രക്ഷിച്ചു.
രണ്ടാം പകുതിയിൽ ജിമെനെസിന്റെ ഗോളിലൂടെ മെക്സിക്കോ ലീഡ് രണ്ടാക്കി ഉയർത്തി. മെക്സിക്കൻ മുന്നേറ്റങ്ങളെ തടയാൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾ പരുക്കൻ അടവുകൾ പുറത്തെടുത്തതോടെ മത്സരം പലപ്പോഴും സംഘർഷഭരിതമായി. ഇതിന്റെ പ്രതിഫലനമെന്നോണം 49-ാം മിനിറ്റിൽ സ്ഫെഫെലോ സിതോളിനും, 84-ാം മിനിറ്റിൽ തെംബ സ്വാനെയ്ക്കും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. 84-ാം മിനിറ്റിൽ മെക്സിക്കൻ താരം സെസാർ മോണ്ടസിനും ചുവപ്പ് കാർഡ് ലഭിച്ചത് കളിക്ക് ചെറിയ രീതിയിൽ തിരിച്ചടിയായി.
പ്രതീക്ഷിച്ചതുപോലെ 4-1-2-3 ശൈലിയിലാണ് മെക്സിക്കോ അണിനിരന്നത്. സൂപ്പർ താരം ഗില്ലർമോ ഒച്ചോവയ്ക്ക് പകരം റൗൾ റേഞ്ചലിനെ ഗോൾവല കാക്കാൻ നിയോഗിച്ച പരിശീലകന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു മെക്സിക്കോയുടെ പ്രകടനം. മുൻകാല ലോകകപ്പ് ഉദ്ഘാടന മത്സരങ്ങളിൽ തോൽവിയും സമനിലയും മാത്രം വഴങ്ങിയിരുന്ന മെക്സിക്കോ, ഇത്തവണ ആ ശാപത്തിന് അറുതി വരുത്തിയാണ് മൈതാനം വിട്ടത്.
Story Summary
Host nation Mexico kicked off the 2026 World Cup with a dominant 2-0 victory against South Africa. Goals from Julian Quinones and Raul Jimenez secured the win, breaking Mexico’s long-standing hoodoo of failing to win in their tournament openers.

