മുംബൈ: തട്ടിപ്പ് കേസിൽ അറസ്റ്റിലായ സമയത്ത് സംവിധായകൻ മഹേഷ് ഭട്ട് മൗനം പാലിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ അകൽച്ചയുണ്ടെന്ന പ്രചാരണങ്ങൾ തള്ളി സംവിധായകൻ വിക്രം ഭട്ട്. വിഷയം കൂടുതൽ വഷളാക്കാതിരിക്കാനാണ് മഹേഷ് ഭട്ട് പ്രതികരിക്കാതിരുന്നതെന്ന് വിക്രം ഭട്ട് വ്യക്തമാക്കി (Vikram Bhatt on Mahesh Bhatt). “ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല. ഇന്നലെ പോലും അദ്ദേഹം എനിക്ക് അഭിനന്ദന സന്ദേശം അയച്ചിരുന്നു. അദ്ദേഹം മൗനം പാലിച്ചത് വിഷയം കൂടുതൽ വലുതാക്കാനോ പ്രകോപിപ്പിക്കാനോ ആഗ്രഹിക്കാത്തതുകൊണ്ടാണ്. അദ്ദേഹം പ്രതികരിച്ചിരുന്നെങ്കിൽ ആളുകൾ കൂടുതൽ രോഷാകുലരാകുകയും അത് എനിക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തേനേ,” എന്ന് വിക്രം ഭട്ട് പറഞ്ഞു.
മഹേഷ് ഭട്ടുമായുള്ള ബന്ധം ഇപ്പോഴും ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാൻ ഒരു കള്ളനാണെങ്കിലും അദ്ദേഹം എന്നെ തന്റെ മകനെന്ന് വിളിക്കും. അദ്ദേഹത്തിന്റെ മൗനത്തിന് പിന്നിൽ ഒരു കാരണമുണ്ട്. ഞങ്ങൾ തമ്മിൽ അകൽച്ചയൊന്നുമില്ല. ആ സമയത്ത് ആക്രമണാത്മകമായി പ്രതികരിക്കേണ്ട സാഹചര്യമല്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു,” വിക്രം ഭട്ട് പറഞ്ഞു. ഇന്ദിര ഐ.വി.എഫ് സ്ഥാപകൻ അജയ് മുർദിയയുടെ അന്തരിച്ച ഭാര്യയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപം വാങ്ങി വഞ്ചിച്ചെന്ന പരാതിയെ തുടർന്നാണ് വിക്രം ഭട്ടിനെയും ഭാര്യ ശ്വേതാംബരി ഭട്ടിനെയും രാജസ്ഥാൻ പൊലീസ് കഴിഞ്ഞ വർഷം ഡിസംബറിൽ അറസ്റ്റ് ചെയ്തത്.
30 കോടിയിലധികം രൂപ നിക്ഷേപിപ്പിച്ച ശേഷം വാഗ്ദാനം ചെയ്ത നേട്ടങ്ങൾ ലഭിച്ചില്ലെന്നാണ് പരാതിയിൽ ആരോപിച്ചത്. നിലവിൽ വഞ്ചനയുടെ തുക 44 കോടി രൂപയാണെന്നാണ് പരാതിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
അറസ്റ്റിന് ശേഷം ഉദയ്പൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ വിക്രം ഭട്ടിന് ഫെബ്രുവരിയിൽ സുപ്രീം കോടതി സ്ഥിരജാമ്യം അനുവദിച്ചു. നാല് സിനിമകൾ നിർമ്മിക്കാനുള്ള കരാറിൽ രണ്ട് സിനിമകൾ പൂർത്തിയായതും മൂന്നാമത്തേത് 70 ശതമാനം പൂർത്തിയായതുമാണെന്ന് വിക്രം ഭട്ടിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു. ‘ഗുലാം’, ‘കസൂർ’, ‘ഫുട്പാത്ത്’, ‘ഷാപിത്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിക്രം ഭട്ട്.
Summary: Filmmaker Vikram Bhatt has dismissed rumours of a fallout with mentor Mahesh Bhatt following his arrest in a cheating case last year. Vikram said Mahesh chose to remain silent to avoid escalating the controversy and insisted their relationship remains strong. He also addressed the multi-crore cheating case linked to a proposed biopic project, for which he was later granted bail by the Supreme Court.

