ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ മൂല്യനിർണ്ണയ രീതിക്കെതിരെ ഉയർന്ന വ്യാപക പരാതികളിൽ ഡൽഹി ഹൈക്കോടതി ഇടപെടുന്നു. പുതിയ ഡിജിറ്റൽ മൂല്യനിർണ്ണയ സമ്പ്രദായമായ ‘ഓൺ-സ്ക്രീൻ മാർക്കിംഗ്’ വഴി നടന്ന പരിശോധനയിൽ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.(CBSE Class 12 Evaluation, Delhi High Court Notice To CBSE Over Class 12 Evaluation Discrepancies)
ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തതിൽ അവ്യക്തത, പേജുകൾ നഷ്ടപ്പെടുക, സപ്ലിമെന്ററി പേജുകൾ കാണാതാവുക തുടങ്ങിയ ഗുരുതരമായ സാങ്കേതിക പിഴവുകൾ വിദ്യാർത്ഥികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾ തങ്ങളുടെ മാർക്കുകളിൽ കൃത്യതയില്ലെന്ന് ആരോപിക്കുന്നു. അർഹമായ മാർക്ക് ലഭിച്ചില്ലെന്ന് കാണിച്ചാണ് പരാതികൾ ഉയരുന്നത്.
തെറ്റായി സ്കാൻ ചെയ്തതോ വായിക്കാൻ കഴിയാത്തതോ ആയ ഉത്തരക്കടലാസുകൾക്ക് നഷ്ടപരിഹാര മാർക്കുകൾ നൽകണമെന്നും, പുനർമൂല്യനിർണ്ണയത്തിനുള്ള സമയം ഒരു മാസത്തേക്ക് കൂടി നീട്ടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ പരാതികൾ ഗൗരവമായി കാണുന്നുണ്ടെന്നും, അവ പരിഹരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചു. ഇതിനകം 1.6 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഏകദേശം 3.8 ലക്ഷത്തോളം ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതിനായി പോർട്ടൽ ഉപയോഗിച്ചിട്ടുണ്ടെന്ന് ബോർഡ് വ്യക്തമാക്കി. പരാതികളുള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് സിബിഎസ്ഇയുമായി ബന്ധപ്പെടാമെന്നും ബോർഡ് അറിയിച്ചു. കേസ് വീണ്ടും ജൂൺ 12-ന് പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെയും സിബിഎസ്ഇയുടെയും വിശദമായ മറുപടി കോടതി പരിശോധിക്കും.
Story Summary
The Delhi High Court has issued notices to the Centre and CBSE over a petition challenging the new On-Screen Marking (OSM) system following reports of evaluation discrepancies in Class 12 exams. Students have reported numerous technical issues, prompting the court to demand a response by the next hearing on June 12.

