Sunday, February 8, 2026
HomeKerala'ആത്മാർത്ഥത ഇല്ലാത്ത നീക്കങ്ങൾ, RRTS ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ': KC വേണുഗോപാൽ...

‘ആത്മാർത്ഥത ഇല്ലാത്ത നീക്കങ്ങൾ, RRTS ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ’: KC വേണുഗോപാൽ | RRTS

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർ.ആർ.ടി.എസ് പദ്ധതി ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കെ.സി. വേണുഗോപാൽ എംപി. വികസന കാര്യത്തിൽ സർക്കാരിന്റേത് ആത്മാർത്ഥതയില്ലാത്ത നീക്കങ്ങളാണെന്നും ആത്മാർത്ഥതയുള്ള സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. “വികസന പദ്ധതികൾ എങ്ങനെ നടപ്പിലാക്കണമെന്ന് അപ്പോൾ കാണിച്ചുതരാം, വെയിറ്റ് ആൻഡ് സീ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(RRTS is to throw dust in people’s eyes, says KC Venugopal)

സംസ്ഥാന ബജറ്റ് കേവലം ഇടതുമുന്നണിയുടെ മാനിഫെസ്റ്റോ മാത്രമാണെന്നും അതിനപ്പുറം ഒരു പ്രാധാന്യവുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. അഞ്ച് വർഷം മുമ്പ് പുറത്തിറക്കിയ മാനിഫെസ്റ്റോ പോലും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന് പറഞ്ഞിട്ട് അത് എവിടെയെത്തിയെന്ന് അദ്ദേഹം ചോദിച്ചു.

പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം ശമ്പള പരിഷ്കരണം നടപ്പാകില്ലെന്നും അതിന് സാമ്പത്തികമായ ആസൂത്രണം വേണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ മോദി സർക്കാരിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുന്നത് കോൺഗ്രസ് മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇക്കണോമിക് സർവേയെ ചോദ്യം ചെയ്തത് ആരാണെന്ന് പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. എതിരഭിപ്രായങ്ങളെ മാനിക്കുക എന്നതാണ് കോൺഗ്രസ് ശൈലി. ഞങ്ങൾക്ക് 51 വെട്ടു ശൈലി ഇല്ല. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഇത്തരം വിവാദങ്ങൾ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates