ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം റാം ചരണിന്റെ ആഗോളതലത്തിലുള്ള ജനപ്രീതി തെളിയിച്ചുകൊണ്ട് പുതിയ ചിത്രമായ ‘പെദ്ധി’ തിയേറ്ററുകളിൽ വൻ വിജയം കൊയ്യുന്നു. സിനിമ കാണുന്നതിനായി ജപ്പാനിലെ ടോക്കിയോയിൽ നിന്നും പ്രത്യേക അവധിയെടുത്ത് ഹൈദരാബാദിലെത്തിയ മസാമി, ക്രിസ് എന്നീ രണ്ട് ജാപ്പനീസ് വനിതാ ആരാധകരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Ram Charan Japanese Fans). ‘പെദ്ധി’ റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ ഹൈദരാബാദിൽ എത്തിയ ഇവർ ഇതിനകം സിനിമ രണ്ട് തവണ തിയേറ്ററിൽ കണ്ടുകഴിഞ്ഞുവെന്നും പത്ത് തവണ കൂടി കാണാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും മാധ്യമങ്ങളോട് പങ്കുവെച്ചു. തിയേറ്ററിന് പുറത്തുനിന്നും ചിത്രത്തിലെ ‘റായ് റായ് റാ റാ’, ‘മാസ മാസ’ എന്നീ ഗാനങ്ങൾ പാടുന്ന ഇവരുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മുൻപ് റാം ചരണിന്റെ ‘മഗധീര’, ‘ആർആർആർ’, ‘രംഗസ്ഥലം’ എന്നീ ചിത്രങ്ങൾ ജപ്പാനിൽ വലിയ വിജയമായതോടെയാണ് താരത്തിന് അവിടെ ശക്തമായ ഫാൻ ബേസ് ഉണ്ടായത്.
JAPAN Ram Charan Came To Hyd To Watch #PEDDI 😲💥💥#RamCharan #Japan pic.twitter.com/St2CJKZQsZ
— CINEMA WAALA (@CinemaWaala_) June 5, 2026
അതേസമയം, ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തുകൊണ്ട് ‘പെദ്ധി’ മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നും 112.49 കോടി രൂപ വാരിക്കൂട്ടിയ ചിത്രം രണ്ടാം ദിനവും മികച്ച കളക്ഷൻ നിലനിർത്തി. ഇന്ത്യയിലെ 10,113 ഷോകളിൽ നിന്നായി രണ്ടാം ദിവസം 26.90 കോടി രൂപയാണ് ചിത്രം അക്കൗണ്ടിലാക്കിയത്. വിദേശ വിപണികളിൽ നിന്നും എട്ട് കോടി രൂപ കൂടി സ്വന്തമാക്കിയതോടെ ചിത്രത്തിന്റെ ആകെ ആഗോള ഗ്രോസ് കളക്ഷൻ ഇപ്പോൾ 150.49 കോടി രൂപയായി ഉയർന്നിരിക്കുകയാണ്. എസ്.എസ് രാജമൗലിയുടെ ‘ആർആർആർ’ എന്ന ചിത്രത്തിന് ശേഷം റാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിങ് ചിത്രമായി മാറിക്കഴിഞ്ഞു ‘പെദ്ധി’. ബുച്ചി ബാബു സന സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ജാൻവി കപൂർ നായികയാകുമ്പോൾ വിജയ് സേതുപതി, ബോമൻ ഇറാനി, ജഗപതി ബാബു, ദിവ്യേന്ദു എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
Summary: Mega Power Star Ram Charan’s global stardom has reached new heights with his latest blockbuster film ‘Peddi’ crossing the Rs 150 crore mark at the worldwide box office within two days. Highlighting his massive international fanbase, a viral video features two Japanese fans, Masami and Kris, who traveled all the way from Tokyo to Hyderabad on a five-day vacation just to join the theatrical celebrations. ‘Peddi’, directed by Buchi Babu Sana and starring Janhvi Kapoor and Vijay Sethupathi, secured a historic Rs 112.49 crore opening on Day 1 and added a strong domestic net of Rs 26.90 crore on Day 2 across over 10,000 shows, cementing its status as Ram Charan’s second-highest opener after RRR.

