മുംബൈ: രാം ചരൺ നായകനായി ജൂൺ 4-ന് തിയേറ്ററുകളിൽ എത്തിയ ‘പെഡ്ഡി’ എന്ന ചിത്രത്തിലെ കഥാപാത്രത്തെച്ചൊല്ലി വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, സ്ത്രീകളുടെ ശരീരത്തെ അനുവാദമില്ലാതെ ലൈംഗികവത്കരിക്കുന്നതിനെതിരെ നടി ജാൻവി കപൂർ മുൻപ് നൽകിയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു (Janhvi Kapoor Peddi Movie Backlash). ബുച്ചി ബാബു സന സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമയായ ‘പെഡ്ഡി’യിൽ ജാൻവി അവതരിപ്പിച്ച ‘അച്ചിയമ്മ’ എന്ന കഥാപാത്രം സ്ത്രീശരീരത്തെ കേവലം ഒരു വസ്തുവായി മാത്രം ചിത്രീകരിക്കുന്നതാണെന്നും വസ്ത്രധാരണത്തിൽ അനാവശ്യമായ അശ്ലീലത കലർത്തിയിട്ടുണ്ടെന്നുമാണ് റിലീസിന് പിന്നാലെ പ്രേക്ഷകരിൽ നിന്നും ഉയർന്ന പ്രധാന ആക്ഷേപം.
നിർമ്മാതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടയിലാണ്, തന്റെ സമ്മതമില്ലാതെ ക്യാമറക്കണ്ണുകൾ ശരീരഭാഗങ്ങളിലേക്ക് സൂം ചെയ്യുന്നതിനെക്കുറിച്ചും അത് തന്റെ കരിയറിനെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും ജാൻവി കപൂർ തുറന്നുപറഞ്ഞ പഴയ വാക്കുകൾ വീണ്ടും പ്രസക്തമാകുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് രാജ് ഷമാനിക്ക് നൽകിയ പോഡ്‌കാസ്റ്റിലാണ് ജാൻവി മാധ്യമങ്ങളുടെയും സിനിമാ മേഖലയുടെയും തെറ്റായ പ്രവണതകൾക്കെതിരെ പ്രതികരിച്ചത്. “നാം ഒരു പ്രത്യേക രീതിയിൽ വസ്ത്രം ധരിച്ച് പുറത്തുപോകുമ്പോൾ ആരെങ്കിലും ക്യാമറയുമായി വന്ന് നമ്മുടെ ശരീരഭാഗങ്ങളിലേക്ക് മാത്രം സൂം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാഴ്ചക്കാർക്കും പണത്തിനും വേണ്ടി സ്ത്രീകളുടെ ശരീരം അവരുടെ അനുവാദമില്ലാതെ ഒരു ചരക്കായി മാറ്റുന്നത് അങ്ങേയറ്റം അധിക്ഷേപകരമാണ്,” ജാൻവി പറഞ്ഞു.
ഒരു സിനിമയിൽ ഗ്ലാമറസ്സായി അഭിനയിക്കുന്നതും അനുവാദമില്ലാതെ ലൈംഗികവത്കരിക്കപ്പെടുന്നതും രണ്ടാണെന്നും താരം വ്യക്തമാക്കി. സിനിമയിലെ ക്യാമറ മാൻമാർ തനിക്ക് കംഫർട്ടബിൾ അല്ലാത്ത ആംഗിളുകളിൽ ക്യാമറ വെക്കുമ്പോൾ ‘ഇത് പാടില്ല’ എന്ന് ശക്തമായി പറയാൻ തുടക്കത്തിൽ മടിയായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ താൻ അത് തുറന്നുപറയാൻ ശീലിച്ചുവെന്നും ജാൻവി കൂട്ടിച്ചേർത്തു. ഇത്തരം മോശം ചിത്രീകരണങ്ങൾ പ്രേക്ഷകരിലും സിനിമാ നിർമ്മാതാക്കളിലും നടിയെക്കുറിച്ച് തെറ്റായ ഒരു പൊതുബോധം ഉണ്ടാക്കാൻ കാരണമാകുമെന്നും, ഒരു പരിധി വരെ നല്ല കഥാപാത്രങ്ങൾ തനിക്ക് നഷ്ടപ്പെടാൻ ഇത് കാരണമാകുന്നുണ്ടെന്നും താരം തുറന്നുസമ്മതിച്ചു. സിനിമാ രംഗത്ത് പൂർണ്ണമായ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള പദവിയിലേക്ക് താൻ ഇനിയും എത്തിയിട്ടില്ലാത്തതിനാൽ നിലവിലെ സാഹചര്യങ്ങളോട് ചിലപ്പോഴൊക്കെ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നുണ്ടെന്നും ജാൻവി കപൂർ വ്യക്തമാക്കിയിരുന്നു.
Summary: Amid ongoing backlash against the makers of the newly released film ‘Peddi’ for allegedly objectifying Janhvi Kapoor’s character ‘Achiyyamma’, the actress’s past comments on non-consensual sexualization have resurfaced online. In an earlier interview on Raj Shamani’s podcast, Janhvi expressed her discomfort with paparazzi zooming in on women’s body parts for views, calling it invasive and non-consensual.

