റിപ്പോർട്ട്: അൻവർ ഷാരിഫ്
തേഞ്ഞിപ്പാലം: മലപ്പുറം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് പരിസരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വില്പന സംഘം പിടിയിലായി (Calicut University Campus MDMA Drug Bust). വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ലഹരിക്കടത്ത് സംഘത്തിലെ പ്രധാന വാറണ്ട് പ്രതിയടക്കം രണ്ടുപേരെയാണ് തേഞ്ഞിപ്പാലം പോലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി പറപ്പാറ റിയാസ് എന്ന ‘ചോര റിയാസ്’ (45), പുളിക്കൽ സ്വദേശി ഫർസാന മൻസിൽ വീട്ടിൽ മുജീബ് (46) എന്നിവരാണ് അറസ്റ്റിലായത്. ലഹരിമരുന്ന് കടത്താനും ആവശ്യക്കാർക്ക് എത്തിച്ചു നൽകാനും ഇവർ ഉപയോഗിച്ചിരുന്ന ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിയിലായ പ്രതികളിൽ മുജീബ് റഹ്മാൻ വിവിധ പോലീസ് സ്റ്റേഷനുകളിലായി നാൽപ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ അറസ്റ്റ് വാറണ്ടുകൾ നിലനിൽക്കുന്നുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, തേഞ്ഞിപ്പാലം ഇൻസ്പെക്ടർ ശ്രീജിത്ത് ടി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. ക്യാമ്പസ് കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരിമരുന്ന് എത്തിക്കുന്ന മാഫിയയിലെ മറ്റ് കണ്ണികളെ കണ്ടെത്താനായി പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Summary: As part of the anti-narcotic drive ‘Operation Toofan’ (The Narco Hunt), the Thenhipalam Police and the District Anti-Narcotic Special Action Force (DANSAF) arrested two drug traffickers, including a notorious warranted criminal, near the Calicut University campus. The arrested individuals, identified as Riyas alias ‘Chora Riyas’ (45) from Kondotty and Mujeeb (46) from Pulikkal, were caught with MDMA and a car used for smuggling. Among them, Mujeeb is a habitual offender involved in over 40 criminal cases across the state, with multiple active arrest warrants against him

