ബ്യൂണസ് ഐറിസ്: അർജന്റീനയിൽ ബഡ്ജറ്റ് എയർലൈൻ വിമാനത്തിൽ അധിക ലഗേജ് ഫീസ് അടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വിമാനത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ വനിതാ യാത്രിക സുരക്ഷാ ഉദ്യോഗസ്ഥയെ കടിച്ചുകീറി (Flight Passenger Bites Female Police Officer). ബ്യൂണസ് ഐറിസിലെ ജോർജ്ജ് ന്യൂബെറി എയർപാർക്കിൽ നിന്നും കോർഡോബയിലേക്ക് പുറപ്പെടാനിരുന്ന ‘ജെറ്റ് സ്മാർട്ട്’ വിമാനത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കയ്യിൽ അനുവദനീയമായതിലും കൂടുതൽ ലഗേജ് ഉണ്ടായിരുന്ന യുവതിയോട് ബോർഡിംഗ് ഗേറ്റിൽ വെച്ച് അധിക തുക അടയ്ക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഇവർ അതിന് തയ്യാറായില്ല. തുടർന്ന് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ട യുവതി, അനുമതിയില്ലാതെ സുരക്ഷാ ജീവനക്കാരെ വെട്ടിച്ച് വിമാനത്തിനുള്ളിലേക്ക് ഓടിക്കയറി സ്വന്തം സീറ്റിൽ ഇരിക്കുകയായിരുന്നു.
ഇതോടെ വിമാന അധികൃതർ എയർപോർട്ട് സെക്യൂരിറ്റിയെ വിവരമറിയിക്കുകയും പോലീസെത്തി ഇവരെ പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സീറ്റിൽ നിന്നും മാറാൻ വിസമ്മതിച്ച യുവതി പോലീസുമായി കടുത്ത രീതിയിൽ മൽപിടുത്തം നടത്തി. ഇതിനിടയിലാണ് ഇവർ തന്നെ സീറ്റിൽ നിന്നും മാറ്റാൻ ശ്രമിച്ച ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൈപ്പത്തിയിൽ ക്രൂരമായി കടിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ നോക്കിനിൽക്കെയായിരുന്നു ഈ അക്രമം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പോലീസ് സംഘം ഇവരെ വിമാനത്തിൽ നിന്നും ബലംപ്രയോഗിച്ച് പുറത്താക്കിയപ്പോൾ സഹയാത്രികർ കൈയടിച്ചാണ് പ്രതികരിച്ചത്. അക്രമത്തിൽ യുവതിക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇവരെ എയർപോർട്ട് ക്ലിനിക്കിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടർന്ന് കുറച്ചുസമയം വൈകിയെങ്കിലും വിമാനം പിന്നീട് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയർന്നു.
Summary: A budget flight operated by JetSmart from Buenos Aires to Cordoba in Argentina turned chaotic after a female passenger refused to pay an excess baggage fee at the boarding gate. Despite failing to get clearance, she managed to sneak onto the aircraft, prompting staff to alert airport security. When police officers boarded the plane to escort her off, a violent struggle ensued, during which the woman bit a female police officer. The passenger was eventually removed to the applause of fellow travelers, detained for investigation, and the briefly delayed flight proceeded to its destination.

