കൊച്ചി: സിനിമാ മേഖലയിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചും അതിനുശേഷം സ്വന്തം വ്യക്തിജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടി ഹന്ന റെജി കോശി (Hannah Reji Koshy interview). മുൻപ് എല്ലാവരോടും കാര്യങ്ങൾ തുറന്നുപറയുന്ന സ്വഭാവക്കാരിയായിരുന്നു താനെന്നും, എന്നാൽ ഇപ്പോൾ കാര്യങ്ങൾ ‘ഫിൽട്ടർ’ ചെയ്ത് സംസാരിക്കാൻ പഠിച്ചുവെന്നും ഹന്ന പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം സിനിമാ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് വെളിപ്പെടുത്തിയത്.
“പുറമെയുള്ളവരോട് ഞാൻ ചിലപ്പോൾ ജാഡ കാണിക്കുകയോ മസിൽ പിടിച്ചിരിക്കുകയോ ഒക്കെ ചെയ്യുമായിരിക്കും. പക്ഷേ എനിക്ക് പരിചയമുള്ളവരോട് ഞാൻ അങ്ങനെയായിരിക്കില്ല. ഇൻഡസ്ട്രിയിലുള്ളവർക്കും അതറിയാം. 2015 മുതൽ ഞാൻ സിനിമയിലുണ്ട്. അന്ന് തൊട്ട് പരിചയപ്പെടുന്നവരോടൊക്കെ എന്റെ മൊത്തം കഥയും ഞാൻ തുറന്നു പറയുമായിരുന്നു. അങ്ങനെ പണി കിട്ടി പണി കിട്ടി ഇപ്പോൾ മടുത്തു. എന്റെ രഹസ്യങ്ങളും എന്റെ ദൗർബല്യങ്ങളും എന്തൊക്കെയാണെന്ന് അവർക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ഇപ്പോൾ ഞാനത് പൂർണ്ണമായും നിർത്തി,” ഹന്ന പറഞ്ഞു.
തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെച്ചുകൊണ്ട് താരം ഇങ്ങനെ കൂട്ടിച്ചേർത്തു:
“എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മറ്റുള്ളവരോട് പറയും, പിന്നീട് അവരാൽ തന്നെ ഞാൻ വേദനിപ്പിക്കപ്പെടും. വളരെ അടുത്ത ഒരാളിൽ നിന്നാണ് എനിക്ക് അങ്ങനെ അനുഭവം ഉണ്ടായത്. പേര് പറയുന്നില്ല, പക്ഷേ കേൾക്കുന്ന ആൾക്ക് അത് മനസ്സിലാകും. എന്റെ വളരെ പേഴ്സണലായ ചില കാര്യങ്ങൾ കൂടെ വർക്ക് ചെയ്ത ഒരാളോട് ഞാൻ സംസാരിച്ചിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്, അദ്ദേഹം അത് മറ്റ് ഏഴെട്ട് പേരോട് പോയി പറഞ്ഞു എന്ന്! എന്റെ തികച്ചും വ്യക്തിപരമായ ഇമോഷൻസായിരുന്നു അത്. ആ ഏഴു പേരും എന്റെ സുഹൃത്തുക്കളായിരുന്നു. അവരാണ് എന്നോട് വന്ന് ഇക്കാര്യം ചോദിച്ചത്. ഞാൻ പിന്നീട് അദ്ദേഹത്തോട് ‘എന്തിനാണ് ഇത് മറ്റുള്ളവരോട് പറഞ്ഞത്’ എന്ന് ചോദിക്കാൻ പോയില്ല. കാരണം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്ന് എനിക്ക് മനസ്സിലായി.”
മുൻപൊക്കെ അഭിമുഖങ്ങളിൽ പോലും എല്ലാം തുറന്നു പറയുന്ന രീതിയായിരുന്നു തന്റേതെന്നും എന്നാൽ ഇപ്പോൾ മാറ്റം വരുത്തിയതായും ഹന്ന വ്യക്തമാക്കുന്നു. “സിനിമയിൽ നിന്ന് എനിക്ക് പണി തന്നവരെ ഞാൻ പിന്നീട് മീറ്റ് ചെയ്യാറില്ല. അവരെ പൂർണ്ണമായി അവഗണിക്കും. മോശം അനുഭവങ്ങൾ ഉണ്ടായ വ്യക്തികളുടെ കൂടെ പിന്നീട് ഞാൻ വർക്ക് ചെയ്തിട്ടുമില്ല. അവർ പിന്നീട് വലിയ അവസരങ്ങളുമായി വന്നിട്ടുണ്ടെങ്കിലും ഞാൻ ‘നോ’ പറഞ്ഞു. എനിക്ക് കംഫർട്ട് അല്ലാത്ത ഒരിടത്തും ഞാൻ നിൽക്കില്ല. ബഹുമാനം എന്നത് കൊടുക്കലും വാങ്ങലുമാണല്ലോ (Give and take). അതുകൊണ്ട് അവരോട് പിന്നീട് ഇടപെടാറില്ല. ആ പ്രൊജക്റ്റ് എത്ര നല്ലതാണെന്ന് പറഞ്ഞാലും ഞാൻ പോകില്ല,” ഹന്ന നിലപാട് വ്യക്തമാക്കി.
Story Summary: Actress Hannah Reji Koshy shared her bitter experiences in the film industry during a recent interview. She revealed how a co-worker leaked her deeply personal secrets to multiple friends, prompting her to stop oversharing. Hannah emphasized that she has now learned to filter her words and strictly rejects projects from people who haven’t respected her.

