ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ “കോക്രോച്ച് ജനതാ പാർട്ടി” പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ യുവാക്കൾക്ക് ഉപദേശവുമായി കോൺഗ്രസ് എം.പി. ശശി തരൂർ (Shashi Tharoor Gen Z Cockroach Janata Party). വ്യവസ്ഥിതിയോടുള്ള നിരാശ കേവലം ഓൺലൈൻ പ്രതിഷേധങ്ങളിൽ ഒതുക്കാതെ, ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ മാർഗങ്ങളിലൂടെ പ്രകടിപ്പിക്കാൻ യുവാക്കൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പുതിയ കാലത്തെ ‘ജെൻ സീ’തലമുറയെ അഭിസംബോധന ചെയ്ത് തരൂർ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ഇൻസ്റ്റഗ്രാം പോലുള്ള മാധ്യമങ്ങൾ ഒരു കവല മാത്രമാണെന്നും അതൊരിക്കലും വോട്ടുപെട്ടിയല്ലെന്നും യുവാക്കൾ ഓർക്കണമെന്ന് അദ്ദേഹം ലേഖനത്തിൽ കുറിച്ചു.
ചോദ്യപ്പേപ്പർ ചോർച്ചയും പരീക്ഷാ വിവാദങ്ങളും കാരണം വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത വിദ്യാർത്ഥികളുടെ ഭാവി വഞ്ചിക്കപ്പെടുന്നതിൽ യുവാക്കൾക്കുള്ള ദേഷ്യം ന്യായമാണെന്ന് തരൂർ സമ്മതിക്കുന്നു. എന്നാൽ, കേവലം ഓൺലൈനിൽ ശബ്ദമുണ്ടാക്കുന്നതിന് പകരം വിവരവകാശ നിയമപ്രകാരം അപേക്ഷകൾ നൽകിയും, ജനപ്രതിനിധികളെക്കൊണ്ട് ഉത്തരം പറയിപ്പിച്ചും വ്യവസ്ഥിതിക്കുള്ളിൽ നിന്ന് പോരാടണം. രാജ്യത്തിന്റെ ഭാവിയെ സ്വാധീനിക്കാൻ ആവശ്യമായ എണ്ണവും ഡിജിറ്റൽ പരിജ്ഞാനവും ഇന്നത്തെ യുവാക്കൾക്കുണ്ട്. അതിനാൽ നിങ്ങൾ പാറ്റകളെപ്പോലെ പരിഗണിക്കപ്പെടേണ്ടവരല്ലെന്നും ആ ലേബൽ സ്ഥിരമായി സ്വീകരിക്കാതെ ദൈനംദിന രാഷ്ട്രീയ, ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകണമെന്നും തരൂർ ഓർമ്മിപ്പിച്ചു. അഭിജീത് ദിപ്കെ രൂപം നൽകിയ “കോക്രോച്ച് ജനതാ പാർട്ടി” എന്ന പരിഹാസ പ്രസ്ഥാനം സാമൂഹിക മാധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ പശ്ചാത്തലത്തിലാണ് തരൂരിന്റെ ഈ പ്രതികരണം.
Summary: Congress MP Shashi Tharoor urged Gen Z youth to channel their political frustration through democratic systems rather than just online movements like the viral “Cockroach Janata Party” (CJP). Writing for The Indian Express, Tharoor acknowledged the valid anger of youth over exam paper leaks and administrative failures but reminded them that Instagram is a town square, not a ballot box. He encouraged young citizens to hold representatives accountable, use RTI tools, and actively engage in structural politics for lasting change.

