കീവ്: യുക്രെയ്ൻ നഗരങ്ങളെ ലക്ഷ്യമാക്കി റഷ്യ നടത്തിയ വൻതോതിലുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 18 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Russian Attack On Ukraine). ചൊവ്വാഴ്ച പുലർച്ചെയോടെ തലസ്ഥാനമായ കീവ്, ഡിനിപ്രോ, ഖാർകിവ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ ജനവാസ മേഖലകളിലാണ് റഷ്യൻ സൈന്യം വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ മാസം റഷ്യൻ നിയന്ത്രണത്തിലുള്ള ലുഹാൻസ്ക് മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായി കീവിൽ കടുത്ത ആക്രമണം നടത്തുമെന്ന് മോസ്കോ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നിന് യുക്രെയ്ൻ സാക്ഷ്യം വഹിച്ചത്. ആക്രമണത്തെ തുടർന്ന് കീവിലെ 1,40,000-ത്തിലധികം വരുന്ന ജനങ്ങളുടെ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു.
ആകെ 73 മിസൈലുകളും 656 ഡ്രോണുകളുമാണ് റഷ്യ ഒറ്റരാത്രികൊണ്ട് യുക്രെയ്നിലേക്ക് തൊടുത്തുവിട്ടതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. ഇതിൽ ശബ്ദത്തേക്കാൾ ഒൻപത് മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന 8 സിർക്കോൺ ഹൈപ്പർസോണിക് മിസൈലുകളും ഉൾപ്പെടുന്നു. പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും തകർത്തതായും എന്നാൽ ബാലിസ്റ്റിക്, ഹൈപ്പർസോണിക് മിസൈലുകളെ പ്രതിരോധിക്കാൻ നിലവിലെ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. റഷ്യയുടെ ഈ ക്രൂരത തുടരാതിരിക്കാൻ കൂടുതൽ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ അടിയന്തിരമായി നൽകണമെന്ന് സെലെൻസ്കി അമേരിക്കയോട് വീണ്ടും അഭ്യർത്ഥിച്ചു.
ആക്രമണത്തിൽ ഒൻപതോളം ബഹുനില പാർപ്പിട സമുച്ചയങ്ങളും ഒരു കിന്റർഗാർട്ടനും ക്ലിനിക്കും പൂർണ്ണമായും തകർന്നതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. കനത്ത പുകയിലും അവശിഷ്ടങ്ങൾക്കിടയിലും ശ്വാസം മുട്ടിയാണ് പലരും ജീവൻ രക്ഷിച്ചതെന്ന് ദൃക്സാക്ഷികൾ വിവരിച്ചു. അതേസമയം, യുക്രെയ്ന്റെ സൈനിക, പ്രതിരോധ വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം. യുക്രെയ്ൻ ആക്രമണത്തിന് തൊട്ടുപിന്നാലെ റഷ്യയിലെ ക്രാസ്നോദർ മേഖലയിലെ ഒരു എണ്ണ ശുദ്ധീകരണ ശാലയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
Summary: Russia launched a massive overnight attack on Ukrainian cities using 73 missiles and 656 drones, killing at least 18 people and injuring over 100. Capital city Kyiv and the southeastern city of Dnipro were heavily targeted, causing extensive damage to residential buildings, clinics, and power grids. President Volodymyr Zelenskiy condemned the strikes and urgently appealed to Western allies for additional Patriot air defense systems to protect civilians.

