ബെയ്റൂട്ട്: ആറാഴ്ച മുൻപ് പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ നിലനിൽക്കെ, ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരെയുള്ള സൈനിക നീക്കം ശക്തമാക്കാൻ ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു (Netanyahu Orders Lebanon Incursion). തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ സ്വാധീന മേഖലകളിൽ ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണം കൂടുതൽ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹിസ്ബുള്ള ഇസ്രായേലിന് നേരെ ശക്തമായ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് അതിർത്തി കടന്നുള്ള കരസേനാ നീക്കം വിപുലീകരിക്കാൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകിയത്.
ലെബനനിലെ നിലവിലെ കടുത്ത സാഹചര്യം കണക്കിലെടുത്ത് ഫ്രാൻസിന്റെ ആവശ്യപ്രകാരം തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തിര യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് മുതൽ തുടരുന്ന ഈ യുദ്ധപ്പകർച്ചയിൽ ലെബനനിൽ ഇതുവരെ 3,370-ലധികം ആളുകൾ കൊല്ലപ്പെടുകയും 12 ലക്ഷത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. പുതിയ സൈനിക മുന്നേറ്റത്തിന്റെ ഭാഗമായി തെക്കൻ ലെബനനിലെ 900 വർഷം പഴക്കമുള്ള തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ടയും മലനിരകളും ഇസ്രായേൽ സൈന്യം തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാക്കി. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ പ്രദേശം വീണ്ടും ഇസ്രായേലിന്റെ കൈകളിലെത്തുന്നത്.
ലിതാനി നദി വരെയുള്ള പ്രദേശങ്ങൾ നേരത്തെ തന്നെ ഇസ്രായേലിന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കിലും അവിടെ നിന്നും പത്ത് കിലോമീറ്റർ കൂടി വടക്കോട്ട് മാറി സഹറാനി നദി വരെയുള്ള മേഖലകളിലേക്ക് അധിനിവേശം വ്യാപിപ്പിക്കാനാണ് നിലവിലെ നീക്കം. ബോഫോർട്ട് കോട്ടയ്ക്ക് മുകളിൽ ഇസ്രായേൽ പതാക ഉയർത്തിയ ചിത്രം പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഹിസ്ബുള്ളയുടെ സൈനിക ശേഷിയും അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായും തകർക്കുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും സൈന്യം ബോഫോർട്ട് മേഖലയിൽ തന്നെ നിലയുറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നബതിയ ഉൾപ്പെടെയുള്ള ഹിസ്ബുള്ളയുടെ മറ്റ് ശക്തമായ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രായേൽ ശക്തമായ വ്യോമാക്രമണം തുടരുകയാണ്.
Summary: Israeli Prime Minister Benjamin Netanyahu has ordered troops to deepen their ground maneuver further into Lebanon to expand control over Hezbollah-controlled territories. Despite a previous ceasefire agreement, Israeli forces successfully seized the strategic 900-year-old Beaufort Castle and its surrounding ridge in southern Lebanon. In response to the escalating violence and heavy exchanges of fire, France has called for an emergency meeting of the United Nations Security Council.

