തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിനോട് എൽ.ഡി.എഫിന് ഉള്ളത് നശീകരണ ബുദ്ധിയോടെയുള്ള സമീപനമല്ലെന്നും നാടിന്റെ പുരോഗതിക്കും ജനക്ഷേമത്തിനും ഉതകുന്ന എല്ലാ നല്ല പദ്ധതികൾക്കും പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി (Pinarayi Vijayan on UDF Government Schemes). എന്നാൽ ജനവിരുദ്ധമായ നടപടികളുണ്ടായാൽ അതിനെ ശക്തമായി തന്നെ എതിർക്കുമെന്നും ഒരു ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും എൽ.ഡി.എഫ് നിയമസഭയ്ക്കകത്തും പുറത്തും പ്രവർത്തിക്കുകയെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ യു.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ പൂർണ്ണമായി വിലയിരുത്താൻ സമയമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര അവഗണനയാണ് കേരളം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നമെന്നും, എന്നാൽ നിലവിലെ വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാരിന് ഉണർന്ന് പ്രവർത്തിക്കാൻ കഴിയാത്തതിന്റെ ദുരിതം ജനങ്ങളാണ് അനുഭവിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയെയും മോശം സമീപനത്തെയും കുറിച്ച് കൃത്യമായി അറിയാവുന്ന പാർട്ടിയാണ് കോൺഗ്രസ് എങ്കിലും സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ അതിനെക്കുറിച്ച് ഒരു പരാമർശവും ഉണ്ടാകാത്തത് എന്തുകൊണ്ടെന്നതിൽ കടുത്ത സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ നയപ്രഖ്യാപനത്തിന് വ്യക്തമായ ഒരു നയമില്ലെന്നും വരും ദിവസങ്ങളിൽ ഇത് തിരുത്താൻ സഭയ്ക്ക് കഴിയട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഒരു പരാജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളത്തിൽ പത്ത് വർഷത്തെ തുടർഭരണം എന്നത് വലിയ പുതുമയുള്ള കാര്യമായിരുന്നുവെന്നും, എന്നാൽ 2021 മുതൽ തന്നെ എൽ.ഡി.എഫിനെതിരെ ചില തെറ്റായ പ്രതീതികൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വലതുപക്ഷ ശക്തികൾ കേരളത്തിനകത്തും പുറത്തും ആരംഭിച്ചിരുന്നുവെന്നും സി.പി.ഐ.എം നേതാക്കൾക്കെതിരെയുള്ള രാഷ്ട്രീയ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: Leader of the Opposition Pinarayi Vijayan stated that the LDF will adopt a constructive opposition approach and support the welfare schemes of the new UDF government. However, he criticized the government’s policy address for failing to mention the crucial issue of central government neglect toward Kerala. Reflecting on the recent election defeat, Vijayan noted that a single loss does not change everything, while reiterating the party’s resolve to counter political attacks.

