ന്യൂ ചണ്ഡീഗഡ്: ഐപിഎൽ 2026-ലെ ആവേശകരമായ എലിമിനേറ്റർ മത്സരത്തിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും തമ്മിൽ നേർക്കുനേർ പോരാടുന്നു (SRH vs RR Eliminator Match). മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി നടക്കുന്ന ഈ നിർണ്ണായക മത്സരത്തിൽ വിജയിക്കുന്ന ടീമിന് ക്വാളിഫയർ 2-ലേക്ക് പ്രവേശിക്കാം. കളിയിൽ എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഇരുടീമുകളിലെയും രണ്ട് വെടിക്കെട്ട് ഓപ്പണർമാരിലാണ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി സ്വയം തെളിയിച്ചുകഴിഞ്ഞ ഹൈദരാബാദിന്റെ അഭിഷേക് ശർമ്മയും, രാജസ്ഥാന്റെ പുതിയ ബാറ്റിംഗ് വിസ്മയമായ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയും തമ്മിലുള്ള തകർപ്പൻ പോരാട്ടത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. ലീഗ് ഘട്ടത്തിലെ അവസാന രണ്ട് മത്സരങ്ങളിലും തുടർച്ചയായ വിജയങ്ങൾ നേടിയ ആത്മവിശ്വാസവുമായാണ് ഇരുടീമുകളും ഇന്ന് നോക്കൗട്ട് പോരാട്ടത്തിന് ഇറങ്ങുന്നത്.
തോൽക്കുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്താകുന്ന അതിനിർണ്ണായകമായ മത്സരമായതിനാൽ ഇരുപക്ഷത്തുനിന്നും കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ മാസ്മരിക പ്രകടനം പുറത്തെടുത്ത രാജസ്ഥാൻ നിരയിലെ യുവതാരം വൈഭവ് സൂര്യവംശിക്ക് വലിയൊരു പരീക്ഷണമായിരിക്കും ഹൈദരാബാദിന്റെ ബൗളിംഗ് നിര. മറുവശത്ത് അഭിഷേക് ശർമ്മ നൽകുന്ന തകർപ്പൻ തുടക്കങ്ങൾ തടയുക എന്നതായിരിക്കും രാജസ്ഥാൻ റോയൽസ് ബൗളർമാരുടെ പ്രധാന ലക്ഷ്യം. ഇന്നത്തെ മത്സരത്തിലെ വിജയികൾ, ഒന്നാം ക്വാളിഫയറിൽ പരാജയപ്പെട്ട ഗുജറാത്ത് ടൈറ്റൻസിനെയായിരിക്കും ഫൈനൽ പ്രവേശനത്തിനായുള്ള ക്വാളിഫയർ 2-ൽ നേരിടുക. ഫൈനൽ ടിക്കറ്റിനായുള്ള പോരാട്ടത്തിൽ ഈ കളിയിലെ ഓരോ റണ്ണും വിക്കറ്റും ഇരുടീമുകൾക്കും ഏറെ വിലപ്പെട്ടതാണ്.
Summary: Sunrisers Hyderabad will lock horns with Rajasthan Royals in the high-stakes IPL 2026 Eliminator match tonight in Mullanpur. The knockout game puts the spotlight on dangerous big-hitter Abhishek Sharma and the 15-year-old batting prodigy Vaibhav Sooryavanshi. Both teams enter this crucial encounter on the back of two consecutive victories, and the winner will advance to play Qualifier 2.

