ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ജനങ്ങളുടെ ക്ഷമ മാത്രമല്ല, കഴിക്കാൻ വച്ചിരിക്കുന്ന മധുരപലഹാരങ്ങളും അലിയിച്ചു കളയുന്ന രീതിയിലാണ് ഡൽഹിയിലെ കടുത്ത വേനൽച്ചൂട് തുടരുന്നത്. ഡൽഹി-എൻസിആർ മേഖലയിലെ അതികഠിനമായ കാലാവസ്ഥയെ മുൻനിർത്തി ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ് (Ladoos Melting Viral Video). ഒരു പെൺകുട്ടിയും അമ്മയും ചേർന്ന് മധുരപലഹാരത്തിന്റെ ബോക്സ് തുറക്കുമ്പോൾ അതിലുണ്ടായിരുന്ന ലഡു മുഴുവനായി ഉരുകി ഒട്ടിപ്പിടിച്ച അവസ്ഥയിലായതാണ് വീഡിയോയിലുള്ളത്. ഉരുണ്ട രൂപത്തിലായിരിക്കേണ്ട ലഡു, കടുത്ത ചൂട് കാരണം നെയ്യും പഞ്ചസാരയും ഉരുകിച്ചേർന്ന് ഒരൊറ്റ കട്ടയായി മാറുകയായിരുന്നു. ഇത്രയും ചൂടായതു കൊണ്ട് ഇനിയിത് ലഡുവല്ല, ബർഫിയാക്കി മാറ്റാമെന്ന് ഇവർ വീഡിയോയിൽ തമാശയായി പറയുന്നതും കേൾക്കാം.
ശുദ്ധമായ നെയ്യ് ഉപയോഗിച്ച് തയ്യാറാക്കുന്ന പരമ്പരാഗത ഇന്ത്യൻ മധുരപലഹാരങ്ങൾ റഫ്രിജറേറ്ററിൽ സൂക്ഷിക്കാതെ ദീർഘനേരം പുറത്തുവെച്ചാൽ കടുത്ത ചൂടിൽ പെട്ടെന്ന് ഉരുകിപ്പോകാൻ സാധ്യതയുണ്ടെന്ന് പാചക വിദഗ്ധർ വ്യക്തമാക്കുന്നു. ഈ അവസ്ഥയോട് വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചത്. ലഡുവിന് പകരം ഇതിനെ ‘ലഡു ഹൽവ’ എന്നും ‘ലഡു ഷെയ്ക്ക്’ എന്നും ‘സമ്മർ സ്പെഷ്യൽ കേക്ക്’ എന്നും വിളിക്കണമെന്നാണ് നെറ്റിസൺസ് പരിഹാസത്തോടെ കമന്റ് ചെയ്യുന്നത്. ചോക്ലേറ്റുകളും വെണ്ണയും ഐസ്ക്രീമുമൊക്കെ മിനിറ്റുകൾക്കുള്ളിൽ ഉരുകിപ്പോകുന്ന മറ്റ് അനുഭവങ്ങളും പലരും പങ്കുവെച്ചു. ഡൽഹിയിലെ പല പ്രദേശങ്ങളിലും താപനില 46 ഡിഗ്രി സെൽഷ്യസിന് അടുത്താണ് രേഖപ്പെടുത്തുന്നത്. കടുത്ത വേനൽ സാഹചര്യം കണക്കിലെടുത്ത് അധികൃതർ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
View this post on Instagram

