ചെന്നൈ: തമിഴ് സിനിമാ വ്യവസായത്തിന് വലിയ ഉണർവേകുന്ന പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ ദിവസേന അഞ്ച് പ്രദർശനങ്ങൾ നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള പുതിയ ഉത്തരവ് തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ചു. തിയറ്ററുകളിൽ ദിവസേന പരമാവധി നാല് ഷോകൾ വീതം നടത്താനുള്ള അനുമതി മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്.(Tamil Nadu CM Vijay Allows Five Movie Shows Daily In Theatres)
നേരത്തെ പ്രാദേശിക ആഘോഷ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഒരു പ്രദർശനം അധികമായി നടത്തണമെങ്കിൽ സിനിമാ നിർമ്മാതാക്കൾ സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണമായിരുന്നു. എന്നാൽ ഇപ്പോൾ കൃത്യമായ ചില നിബന്ധനകളോടെ ദിവസേന അഞ്ച് പ്രദർശനങ്ങൾ നടത്താൻ തിയറ്ററുകൾക്ക് നേരിട്ട് അനുമതി നൽകിയിരിക്കുകയാണ് സർക്കാർ.
പുതിയ ഉത്തരവ് പ്രകാരം, ഒരു പുതിയ ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ ഒരാഴ്ചയും, എല്ലാത്തരം പ്രാദേശിക ആഘോഷ ദിനങ്ങളിലും, പൊതു അവധി ദിനങ്ങളിലും തിയറ്ററുകൾക്ക് അഞ്ച് ഷോകൾ വീതം കളിക്കാവുന്നതാണ്. നിലവിൽ വൻകിട ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ റിലീസ് സമയത്ത് നിർമ്മാതാക്കൾ അപേക്ഷിച്ചാൽ പരമാവധി രണ്ടോ മൂന്നോ ദിവസത്തേക്ക് മാത്രമായിരുന്നു അഞ്ചാമത്തെ ഷോയ്ക്ക് അനുമതി ലഭിച്ചിരുന്നത്. പുതിയ നിയമം വരുന്നതോടെ ഇത് ആദ്യ ആഴ്ച മുഴുവൻ നീണ്ടുനിൽക്കും എന്നത് നിർമ്മാതാക്കൾക്കും തിയറ്റർ ഉടമകൾക്കും വലിയ സാമ്പത്തിക ലാഭമുണ്ടാക്കും.
അതേസമയം, മുൻപ് അർദ്ധരാത്രിയിലും പുലർച്ചെ 4 മണിക്കും ഒക്കെ ആരംഭിച്ചിരുന്ന റിലീസ് ദിനത്തിലെ ആദ്യ ഷോകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് തുടരും. തമിഴ്നാട്ടിൽ റിലീസ് ദിവസത്തെ ആദ്യ പ്രദർശനം രാവിലെ 9 മണിക്ക് മാത്രമേ ആരംഭിക്കാൻ പാടുള്ളൂ എന്ന മുൻ ഉത്തരവിൽ മാറ്റമില്ല.
Story Summary
Tamil Nadu Chief Minister Joseph Vijay has issued a key order allowing movie theatres in the state to run five shows daily during the first week of a new release and on holidays. The order brings major relief to the Tamil film industry, though the ban on early morning fan shows remains in place.

