കൊച്ചി: മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട് നിലവിലെ വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന കടുത്ത ആവശ്യവുമായി മുനമ്പം സമരസമിതി രംഗത്ത്. കരം അടച്ചുകൊണ്ടിരിക്കുന്ന ഭൂമി എങ്ങനെയാണ് ‘ഉമീദ്’ പോർട്ടലിൽ ചേർക്കാൻ സാധിക്കുകയെന്ന് സമരസമിതി നേതാക്കൾ ചോദിച്ചു.(Munambam land dispute, people Demand Dissolution Of Waqf Board CM Satheesan Promises Resolution)
നിലവിൽ തർക്കത്തിലിരിക്കുന്ന ഒരു ഭൂമി പോർട്ടലിൽ ഉൾപ്പെടുത്താൻ നിയമപരമായി കഴിയില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമരസമിതി നേതാക്കൾ നിലപാട് വ്യക്തമാക്കിയത്.
വിഷയത്തിൽ പരിഹാരം തേടി മുഖ്യമന്ത്രി വി.ഡി. സതീശനെ സമരസമിതി നേതാക്കൾ നേരിട്ട് കാണും. സഭാ നേതൃത്വം ഇതിനോടകം തന്നെ മുഖ്യമന്ത്രിയെ കണ്ട് വിഷയം ഓർമ്മിപ്പിച്ചിട്ടുണ്ടെന്നും നേതാക്കൾ വെളിപ്പെടുത്തി. താൻ മുൻപ് പറഞ്ഞ ‘പത്ത് മിനിറ്റുകൊണ്ട് പ്രശ്നപരിഹാരം’ എന്ന വാഗ്ദാനം മറന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി സഭാ നേതൃത്വത്തിന് ഉറപ്പ് നൽകിയിരിക്കുന്നത്. നിലവിൽ പരസ്യമായ സമരപരിപാടികളിലേക്ക് കടന്നിട്ടില്ലെന്നും, അതിന് മുൻപ് തന്നെ സർക്കാർ ഈ വിഷയത്തിൽ അനുകൂലമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമരസമിതി നേതാക്കൾ കൂട്ടിച്ചേർത്തു.
വിഷയത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ പിണറായി സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ശത്രുക്കളാക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അധികാരം ഒഴിഞ്ഞു പോകുന്ന പോക്കിൽ മുൻ സർക്കാർ വഖഫ് ബോർഡിനെക്കൊണ്ട് മുനമ്പം ഭൂമി ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തിച്ചു. ഇതിലൂടെ എട്ടിന്റെ പണിയാണ് അവർ തന്നത്. താൻ അധികാരമേറ്റാൽ പത്ത് മിനിറ്റുകൊണ്ട് തീരുമാനം എടുക്കുമെന്ന് പറഞ്ഞിരുന്നു. അത് തടയാൻ വേണ്ടി ചെയ്ത കാര്യമാണിത്. പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ ഈ ഭൂമി വഖഫിന്റേതാണെന്നും അവിടുത്തെ താമസക്കാർ വെറും കൈയേറ്റക്കാരാണെന്നുമാണ് മുൻ സർക്കാരിന്റെ നിലപാട്, മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
മുനമ്പം വിഷയത്തെ മുൻനിർത്തി സംഘ്പരിവാർ വലിയ രീതിയിൽ വർഗ്ഗീയ വിഭജനത്തിനാണ് ശ്രമിച്ചതെന്നും സി.പി.എം ഇതേ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ ഈ സർക്കാരിന്റെ കീഴിൽ മുനമ്പത്തുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല. താമസക്കാരുടെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട് തന്നെ, നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടികളും സ്വീകരിച്ച് ഈ പ്രശ്നം പൂർണ്ണമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി യു.ഡി.എഫ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കി.
Story Summary
The Munambam Samara Samithi demanded the dissolution of the current Waqf Board, questioning the legality of uploading tax-paying land to the UMEED portal. Following a meeting with Ernakulam DCC President Mohammed Shiyas, the committee announced plans to meet Chief Minister V D Satheesan, who previously blamed the LDF government for creating communal rifts and promised that no residents would be evicted.

