കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം വി.ഡി. സതീശൻ ആദ്യമായി ഇന്ന് സ്വന്തം തട്ടകമായ എറണാകുളം ജില്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. ജില്ലയിലെ വിവിധയിടങ്ങളിൽ മുഖ്യമന്ത്രിക്ക് വൻ സ്വീകരണ പരിപാടികളാണ് യുഡിഎഫ് നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഭരണം മാറിയ പശ്ചാത്തലത്തിൽ, സുപ്രധാന രാഷ്ട്രീയ വിഷയങ്ങളിൽ പൊതുവേദിയിൽ മുഖ്യമന്ത്രി ഇന്ന് എന്ത് പ്രഖ്യാപനം നടത്തുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.(Chief Minister VD Satheesan Ernakulam Visit Paravur Reception Mohanlal Guest)
ഇന്ന് രാവിലെ പത്തരയ്ക്ക് കടവന്ത്രയിലാണ് ജില്ലയിലെ ആദ്യ സ്വീകരണ ചടങ്ങ് നടക്കുക. ഡിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ വിപുലമായ ചടങ്ങിൽ യുഡിഎഫ് നേതാക്കളും നൂറുകണക്കിന് പാർട്ടി പ്രവർത്തകരും പങ്കെടുക്കും. മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം ആദ്യമായി എത്തുന്ന തങ്ങളുടെ പ്രിയ നേതാവിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് കടവന്ത്രയിൽ പൂർത്തിയായിട്ടുള്ളത്.
വൈകിട്ട് വി.ഡി. സതീശന്റെ സ്വന്തം നിയോജക മണ്ഡലമായ പറവൂരിലാണ് പ്രധാന സ്വീകരണ പരിപാടി. സതീശനെ തുടർച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുത്ത പറവൂരിലെ ജനങ്ങൾ നൽകുന്ന ഈ സ്വീകരണ യോഗത്തിൽ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും എന്നത് ചടങ്ങിന്റെ ആവേശം ഇരട്ടിയാക്കുന്നുണ്ട്. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഈ ചടങ്ങിൽ അണിനിരക്കും.
പ്രതിപക്ഷ നേതാവിൽ നിന്ന് സംസ്ഥാനത്തിന്റെ അമരക്കാരനിലേക്ക് വി.ഡി. സതീശൻ എത്തിയതോടെ, പൊതുവേദിയിൽ അദ്ദേഹം നടത്തുന്ന രാഷ്ട്രീയ പ്രഖ്യാപനങ്ങൾക്കായി സംസ്ഥാനം കാതോർത്തിരിക്കുകയാണ്. പ്രത്യേകിച്ച് മൂന്ന് സുപ്രധാന വിഷയങ്ങളിൽ പുതിയ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകൾ ഏറെ നിർണ്ണായകമാണ്. എറണാകുളം ജില്ലയെ ഏറെക്കാലമായി അലട്ടുന്ന മുനമ്പം ഭൂമി പ്രശ്നത്തിലും മലയിടംതുരുത്ത് വിഷയത്തിലും പുതിയ സർക്കാരിന്റെ പരിഹാര നിർദ്ദേശങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് ജനങ്ങൾ ഉറ്റുനോക്കുന്നു.
മുൻ ഇടത് സർക്കാർ കൊണ്ടുവന്നതും പ്രതിപക്ഷത്തിരുന്നപ്പോൾ യുഡിഎഫ് ശക്തമായി എതിർത്തതുമായ കെ-റെയിൽ പദ്ധതിയുടെ വിജ്ഞാപനം റദ്ദാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഈ വേദിയിൽ ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കുന്നത്. പുതിയ മന്ത്രിസഭയുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളെക്കുറിച്ചും പുതിയ സുതാര്യതയെക്കുറിച്ചുമുള്ള മുഖ്യമന്ത്രിയുടെ നയപ്രഖ്യാപനവും ഇന്നത്തെ വേദികളിൽ ഉണ്ടായേക്കും.
Story Summary
Chief Minister V.D. Satheesan is set to receive a grand welcome in Ernakulam today, marking his first public event in the district after taking office. The main event will held in his constituency, Paravur, featuring superstar Mohanlal as the chief guest, while political circles closely watch for his announcements on crucial issues like K-Rail and the Munambam land dispute.

