ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) എക്സ് അക്കൗണ്ട് കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കാൻ നിർദ്ദേശം നൽകിയത് എന്നാണ് വിവരം. ഐടി ആക്ട് 2000-ലെ സെക്ഷൻ 69 (എ) പ്രകാരമാണ് ഈ അടിയന്തര നടപടി.(Government Blocks Cockroach Janta Party X Account Citing National Security Concerns)
ഇന്ത്യയിൽ ഈ അക്കൗണ്ട് കാണാൻ സാധിക്കില്ലെങ്കിലും മറ്റ് രാജ്യങ്ങളിൽ ഇപ്പോഴും ലഭ്യമാണ്. അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്പോൾ ഏകദേശം 90,000 ഫോളോവേഴ്‌സ് ഉണ്ടായിരുന്ന സിജെപിയുടെ പേജിൽ വ്യാഴാഴ്ചയോടെ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് എത്തിയിരുന്നു. സിജെപിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് നിലവിൽ 1.6 കോടിയിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഇന്ത്യയിൽ വിലക്കുന്നതിനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചതായാണ് വിവരം. അക്കൗണ്ട് പൂട്ടിച്ച് മണിക്കൂറുകൾക്കകം ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ അക്കൗണ്ടുമായി ഇതിന്റെ സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തിയിട്ടുണ്ട്. 30-കാരനായ അഭിജീത് മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും ഇപ്പോൾ ബോസ്റ്റണിലാണുള്ളത്.
കോടതി നടപടികൾക്കിടെ യുവതലമുറയെ ‘പാറ്റകൾ’ എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിശേഷിപ്പിച്ചു എന്ന തരത്തിൽ വന്ന വാർത്തകളാണ് ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് കാരണമായത്. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കടന്നുകൂടി വ്യവസ്ഥിതിയെ ആക്രമിക്കുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്നും, അല്ലാതെ രാജ്യത്തെ യുവാക്കളെ അല്ലെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരണം നൽകിയിരുന്നു. എന്നാൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഇത് വലിയ ട്രെൻഡായി മാറുകയും, രാഷ്ട്രീയക്കാരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാൻ യുവാക്കൾ ഈ ആക്ഷേപഹാസ്യ കൂട്ടായ്മയെ ഉപയോഗിക്കുകയുമായിരുന്നു. അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഈ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Story Summary
The central government has withheld the X account of the satirical group ‘Cockroach Janta Party’ (CJP) under Section 69(A) of the IT Act, following an Intelligence Bureau report citing national security concerns. Founded by Abhijeet Dipke in response to Chief Justice Surya Kant’s “cockroach” remarks, the movement has gained massive traction among Indian youth on social media.

