തിരുവനന്തപുരം: രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് ഫാത്തിമ തഹ്ലിയ പതിനാറാം കേരള നിയമസഭയിൽ എം.എ.ൽ.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുസ്ലിം ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതാ പ്രതിനിധി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ലീഗ് രാഷ്ട്രീയത്തിലെ പുരുഷമേധാവിത്വത്തിന്റെ ചട്ടക്കൂടുകൾ തകർത്താണ് ഫാത്തിമ തഹ്ലിയ എന്ന യുവ ജനപ്രതിനിധി നിയമസഭയുടെ അകത്തളങ്ങളിലേക്ക് നടന്നു കയറിയത്.(Fathima Thahiliya Sworn In As First Female MLA Of Muslim League Representing Perambra)
ചരിത്രത്തിൽ ഇതിനുമുമ്പ് രണ്ട് തവണ മാത്രമാണ് മുസ്ലിം ലീഗ് നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികളെ കളത്തിലിറക്കിയിരുന്നത്. എന്നാൽ അന്നെല്ലാം പരാജയമായിരുന്നു ഫലം. പേരാമ്പ്ര മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം നേടിയാണ് തഹ്ലിയ ഈ ചരിത്ര റെക്കോർഡ് തിരുത്തിക്കുറിച്ചതും ലീഗിന്റെ പെൺകരുത്തായി മാറിയതും.
സത്യപ്രതിജ്ഞാ ചടങ്ങിനായി ഫാത്തിമ തഹ്ലിയ നിയമസഭയിലെത്തിയത് സ്വന്തമായി വാഹനം ഓടിച്ചായിരുന്നു. തനിക്ക് ഏറെ വൈകാരിക ബന്ധമുള്ള വാഹനമായതിനാലാണ് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസത്തെ യാത്രയ്ക്ക് ഈ കാർ തന്നെ തിരഞ്ഞെടുത്തതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഷാഫി പറമ്പിലിനൊപ്പമുള്ള ചിത്രവും അവർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
പ്രിയ്യപ്പെട്ട പേരാമ്പ്രക്കാരെ,
ദേ നിങ്ങൾക്ക് വേണ്ടിയാണ് ഈ ചിത്രം-
നമ്മുടെ നാട് പേരാമ്പ്ര,
നമ്മുടെ എം പി ശ്രീ ഷാഫി പറമ്പിൽ.
പേരാമ്പ്ര എം എൽ എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം കേരള നിയമസഭയുടെ അകത്തളത്തിൽ നിന്ന് നമ്മുടെ എം പിക്കൊപ്പം! എന്നാണ് അവർ കുറിച്ചത്.
Story Summary
Fathima Thahiliya created history by taking the oath as the first-ever female MLA of the Indian Union Muslim League (IUML) in the Kerala Legislative Assembly, breaking a seven-decade-long jinx. Representing the Perambra constituency, she drove herself to the assembly complex for the ceremony and later shared a celebratory moment with Vadakara MP Shafi Parambil.

