ടെഹ്റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാന്റെ ഭരണം അട്ടിമറിക്കാനും മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിനെ വീണ്ടും അധികാരത്തിൽ എത്തിക്കാനും അമേരിക്കയും ഇസ്രായേലും രഹസ്യ പദ്ധതിയിട്ടിരുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.(Report US Israel Mossad Covert Plan Mahmoud Ahmadinejad Iran Power)
യു.എസ്-ഇസ്രായേൽ സഖ്യത്തിന്റെ ശക്തമായ സൈനികാക്രമണത്തിലൂടെ ടെഹ്റാനിലെ ഭരണസംവിധാനം നിമിഷനേരം കൊണ്ട് തകർന്നടിയുമെന്നും തുടർന്ന് രാജ്യത്ത് രാഷ്ട്രീയ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നുമായിരുന്നു വാഷിംഗ്ടണിന്റെയും തെൽ അവീവിന്റെയും കണക്കുകൂട്ടൽ. എന്നാൽ ഖമേനിയുടെ വധത്തിന് ശേഷവും ഇറാന്റെ ഭരണകൂടവും സൈനിക വ്യൂഹവും തകരാതെ പിടിച്ചുനിന്നത് പ്ലാനർമാരുടെ വലിയ കണക്കുകൂട്ടലുകൾ തെറ്റിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
‘ഓപ്പറേഷൻ എപിക് ഫ്യൂരി’യും നെജാദിനായുള്ള ഇസ്രായേൽ ‘ജയിൽചാട്ട’വും
റിപ്പോർട്ട് പ്രകാരം, ഇറാന്റെ ആഭ്യന്തര ഘടനയിൽ സ്വാധീനമുള്ള ഒരാളിലൂടെ ഭരണം മാറ്റാനായിരുന്നു പദ്ധതി. ഇതിനായി ഇസ്രായേൽ ചാരസംഘടനയായ മൊസാദ് തിരഞ്ഞെടുത്തത് ഒരുകാലത്ത് കടുത്ത ഇസ്രായേൽ വിരുദ്ധ പ്രസ്താവനകളിലൂടെ ലോകത്തെ ഞെട്ടിച്ച മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിനെയായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇറാന്റെ ഔദ്യോഗിക നേതൃത്വവുമായി അകൽച്ചയിലായിരുന്ന നെജാദ് ടെഹ്റാനിൽ വീട്ടുതടങ്കലിലായിരുന്നു.
യുദ്ധത്തിന്റെ ആദ്യദിനം തന്നെ അഹമ്മദി നെജാദിന്റെ വസതിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതൊരു സൈനിക നീക്കമായിട്ടാണ് പുറംലോകം അറിഞ്ഞതെങ്കിലും, യഥാർത്ഥത്തിൽ നെജാദിന് കാവൽ നിന്നിരുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉദ്യോഗസ്ഥരെ വധിക്കാനും അദ്ദേഹത്തെ തടങ്കലിൽ നിന്ന് മോചിപ്പിക്കാനുമുള്ള ഒരു ‘ജയിൽചാട്ട ഓപ്പറേഷൻ’ ആയിരുന്നു അതെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായിയെ ഉദ്ധരിച്ച് പത്രം വെളിപ്പെടുത്തുന്നു. ആക്രമണത്തിൽ നിന്ന് നെജാദ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും പിന്നീട് ഈ ഭരണമാറ്റ നീക്കങ്ങളിൽ നിന്ന് അദ്ദേഹം സ്വയം പിന്മാറുകയായിരുന്നു.
പ്രതിസന്ധി ഘട്ടത്തിൽ ഇറാന്റെ രാഷ്ട്രീയ-സൈനിക മേഖലകളെ സ്ഥിരതപ്പെടുത്താൻ നെജാദിന് സാധിക്കുമെന്നാണ് വൈറ്റ് ഹൗസ് കരുതിയിരുന്നത്. ട്രംപ് മുൻപ് നടത്തിയ പ്രസംഗങ്ങളിൽ ഇറാന്റെ നേതൃത്വം ‘ഉള്ളിൽ നിന്നുള്ള ഒരാളിലേക്ക്’ മാറണമെന്ന് സൂചിപ്പിച്ചതും ഇതിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ ആക്രമണത്തിന് ശേഷം അഹമ്മദി നെജാദ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല; അദ്ദേഹം എവിടെയാണെന്നതും അജ്ഞാതമാണ്.
Story Summary
A report revealed a covert US-Israel plan to install former Iranian President Mahmoud Ahmadinejad into power after the killing of Supreme Leader Ali Khamenei. The plot involved a dramatic Israeli airstrike on Ahmadinejad’s residence, which was effectively a “jailbreak operation” by Mossad to eliminate his IRGC guards. Although White House defended “Operation Epic Fury” as a success against Iran’s military capabilities, the anticipated political collapse of Tehran’s leadership structure failed to materialize.

