ന്യൂഡൽഹി: പാർലമെൻ്റ് ബജറ്റ് സമ്മേളനം ആരംഭിച്ചു. നയ പ്രഖ്യാപന പ്രസംഗത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു സഭയെ അഭിസംബോധന ചെയ്തത്. കേന്ദ്രസർക്കാരിന്റെ പത്തു വർഷത്തെ വികസന നേട്ടങ്ങളും അഴിമതി വിരുദ്ധ നിലപാടുകളും പ്രസംഗത്തിൽ ഉടനീളം നിഴലിച്ചു.(Parliament Budget session begins, President delivers Ipolicy speech)
കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായതായി രാഷ്ട്രപതി അവകാശപ്പെട്ടു. 4 കോടി വീടുകൾ നിർമ്മിച്ചു നൽകി, 12.5 കോടി ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കി, ഗ്രാമീണ മേഖലകളിൽ റോഡുകളെത്തിച്ചു തുടങ്ങിയ നേട്ടങ്ങൾ അവർ എണ്ണിപ്പറഞ്ഞു. 100-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു. ലോകത്തെ മൂന്നാമത്തെ വലിയ മെട്രോ നെറ്റ്‌വർക്കായി ഇന്ത്യ മാറി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വന്തം ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള യാത്രയിലാണ് ഇന്ത്യയെന്ന് രാഷ്ട്രപതി വ്യക്തമാക്കി. 18 വർഷത്തെ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ചതിനെ രാഷ്ട്രപതി പ്രശംസിച്ചു. ലോകത്തിലെ രണ്ടാമത്തെയും നാലാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകൾ ഒന്നിക്കുന്നത് വിപണിയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സേവന-നിർമ്മാണ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി സർക്കാർ കൊണ്ടുവന്ന വികസിത് ഭാരത് – ജി റാം ജി (VB-G RAM G) നിയമത്തിനെതിരെയായിരുന്നു പ്രതിപക്ഷ ബഹളം.
ഗ്രാമങ്ങളിൽ 125 ദിവസത്തെ തൊഴിൽ ഗ്യാരണ്ടി ഉറപ്പാക്കുന്ന പരിഷ്കാരമാണിതെന്ന് രാഷ്ട്രപതി വിശദീകരിച്ചെങ്കിലും, പഴയ പദ്ധതി തന്നെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ ബഹളം വെച്ചു. അഴിമതിയും കോഴയുമില്ലാത്ത ഭരണം യാഥാർത്ഥ്യമാക്കാൻ സർക്കാരിന് കഴിഞ്ഞെന്നും ഓരോ രൂപയും ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കപ്പെടുന്നുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.



