ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഭർതൃവീട്ടിലെ മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ഇരുപത്തിയഞ്ചുകാരി ദീപിക നാഗറിന്റെ മരണം അതിക്രൂരമായ ശാരീരിക മർദ്ദനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് (Greater Noida Dowry Death Deepika). തലച്ചോറിലെ രക്തസ്രാവം, പ്ലീഹ തകരൽ, ശരീരം മുഴുവൻ ആഴത്തിലുള്ളതും അല്ലാത്തതുമായ നിരവധി മുറിവുകൾ എന്നിവ ദീപിക ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്ന് വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞ് 17 മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ദീപിക കൊല്ലപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദീപികയുടെ ഭർത്താവ് ഋതിക് തൻവാർ, ഇയാളുടെ പിതാവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുതാര്യത ഉറപ്പാക്കാൻ വിഡിയോയിൽ ചിത്രീകരിച്ച് രണ്ട് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മുഖത്തിന്റെ വലതുഭാഗത്ത് വലിയ വീക്കം, കൈമുട്ടുകളിലും തുടയിലും മർദ്ദനമേറ്റ നീലിച്ച പാടുകൾ, ആന്തരിക രക്തസ്രാവം എന്നിവ മൃതദേഹത്തിൽ കണ്ടെത്തി. അതിക്രൂരമായ ആഘാതത്തെ തുടർന്ന് ഹൃദയത്തിലെ രക്തം പൂർണ്ണമായും വാർന്നുപോയ നിലയിലായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് ദീപിക പിതാവ് സഞ്ജയ് നാഗറിനെ വിളിച്ച് സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ മർദ്ദിക്കുന്നതായി കരഞ്ഞുപറഞ്ഞിരുന്നു. തുടർന്ന് അദ്ദേഹം പ്രശ്നം പരിഹരിക്കാൻ അവിടെയെത്തി മടങ്ങി മണിക്കൂറുകൾക്കകമാണ് മകൾ വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റെന്ന വിവരം ഭർതൃവീട്ടുകാർ അറിയിക്കുന്നത്.
വിവാഹസമയത്ത് ഒരു കോടിയോളം രൂപ ചിലവഴിച്ചിട്ടും ടൊയോട്ട ഫോർച്യൂണർ കാറും 50 ലക്ഷം രൂപയും അധികമായി ആവശ്യപ്പെട്ടാണ് ദീപികയെ അവർ പീഡിപ്പിച്ചതെന്ന് പിതാവ് ആരോപിച്ചു. നേരത്തെ സ്‌കോർപിയോ കാറും പണവും നൽകിയിട്ടും മകളെ അവർ തല്ലിക്കൊന്ന് കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഗ്രേറ്റർ നോയിഡയിൽ തന്നെ നിക്കി ഭാട്ടി എന്ന യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് തീക്കൊളുത്തി കൊന്ന സംഭവത്തിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച മറ്റൊരു സ്ത്രീധന മരണം കൂടി ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Summary: The official autopsy report of 25-year-old Deepika Nagar, who allegedly died after falling from the terrace of her in-laws’ three-storey home in Greater Noida, has revealed extensive signs of severe physical assault. Conducted by a two-member medical team, the post-mortem findings detailed critical internal and external trauma, including a hematoma in the brain, a ruptured spleen, pale kidneys, and empty heart chambers due to massive internal bleeding.

