തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ നടത്തിയ ആദ്യഘട്ട ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനമായില്ല (Kerala cabinet formation 2026). ഇന്നത്തെ ചർച്ചകൾ മാത്രമാണ് പൂർത്തിയായതെന്നും കോൺഗ്രസുമായുള്ള ചർച്ച നാളെയും തുടരുമെന്നും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നാളത്തെ ചർച്ച കൂടി പൂർത്തിയായാലേ മറ്റ് കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, ലീഗിന്റെ അഞ്ചാം മന്ത്രിപദത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ ലീഗ് പ്രതിനിധികളായി മന്ത്രിസഭയിലെത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർക്ക് പുറമെ പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവരിലൊരാളും മന്ത്രിമാരുടെ അന്തിമ പട്ടികയിൽ ഇടംപിടിച്ചേക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുന്ന രണ്ടാം ഘട്ട ചർച്ചയ്ക്ക് ശേഷമുണ്ടാകും.
മലപ്പുറം ജില്ലയിൽ നിന്ന് രണ്ടിൽ കൂടുതൽ മന്ത്രിമാർ വേണ്ടെന്ന കടുത്ത നിലപാടിലാണ് ലീഗ് നേതൃത്വം. മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടിയും പി.കെ. ബഷീറും മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ, കോഴിക്കോട് സ്വദേശിയായ കെ.എം. ഷാജിയുടെ പേര് അന്തിമപട്ടികയിൽ ഉൾപ്പെടുത്താനുള്ള സാധ്യത കുറവായിരുന്നു. എന്നാൽ, വടക്കൻ മലബാറിനും മധ്യകേരളത്തിനും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ഷാജിയെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. ബഷീർ, ഷാജി എന്നിവരിൽ ആരെ മന്ത്രിയാക്കുമെന്നതിൽ പാർട്ടിയിൽ ചർച്ചകൾ തുടരുകയാണ്. പ്രാദേശിക സമവാക്യങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് കര്ശനമായ മാനദണ്ഡങ്ങളോടെയാണ് ലീഗ് ഇത്തവണ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കുന്നത്.
Story Summary: The bilateral talks between Congress and Muslim League regarding cabinet formation remained inconclusive on day one. While P.K. Kunhalikutty stated that discussions will continue tomorrow, suspense remains over League’s demand for a fifth minister and the final selection between P.K. Basheer and K.M. Shaji.

