മുംബൈ: മീററ്റിലെ കുപ്രസിദ്ധമായ ‘ബ്ലൂ ഡ്രം’ കൊലപാതകത്തിന് സമാനമായ മറ്റൊരു ക്രൂരകൃത്യം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. കാമുകനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിലാക്കി ഓടയിൽ തള്ളിയ സംഭവത്തിൽ യുവതിയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു (Mumbra Drum Murder). മുംബ്ര സ്വദേശിയായ അർബാസ് മക്സൂദ് അലി ഖാൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഹ്ജബീൻ ഷെയ്ഖ്, സഹോദരൻ താരിഖ് ഷെയ്ഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഏപ്രിൽ 3-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർബാസ് പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ മുംബ്ര പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അർബാസിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ അവസാനമായി അദ്ദേഹം ഉണ്ടായിരുന്നത് വസായ് മേഖലയിലാണെന്ന് കണ്ടെത്തി. മെഹ്ജബീന്റെ ഫോൺ ലൊക്കേഷനും ഇതേ സ്ഥലത്തായിരുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തിൽ മെഹ്ജബീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. അർബാസിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായി അർബാസിനെ ബന്ധിയാക്കി മർദ്ദിക്കുകയും പണം ലഭിക്കാതെ വന്നതോടെ കൊലപ്പെടുത്തുകയുമായിരുന്നു. മെഹ്ജബീന്റെ ഭർത്താവ് ഹസൻ, സഹോദരൻ താരിഖ്, സുഹൃത്ത് എന്നിവരുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. കൈകാലുകൾ കെട്ടിയിട്ട ശേഷം പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് മർദ്ദിച്ചാണ് അർബാസിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം പച്ച നിറത്തിലുള്ള ഡ്രമ്മിലാക്കി മുംബ്രയിലെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു.
കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. അറസ്റ്റിലായ താരിഖിനെതിരെ മുൻപും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മെഹ്ജബീന്റെ ഭർത്താവ് ഹസനും സുഹൃത്തും നിലവിൽ ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Summary: In a chilling incident in Maharashtra, a woman named Mehjabeen, along with her husband and brother, killed her lover, Arbaz Maqsood Ali Khan, after a failed extortion attempt. They stuffed the body in a drum and dumped it in a drain in Mumbra. While Mehjabeen and her brother Tariq have been arrested, her husband and another accomplice are on the run.

