തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സ്വകാര്യ ബസുടമകൾ പ്രതിഷേധവുമായി രംഗത്ത് (KSRTC Free Travel Women). ഈ പദ്ധതി നടപ്പിലാക്കിയാൽ കേരളത്തിലെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലാകുമെന്നും സർക്കാർ തങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.
കർണാടകയിലെ മാതൃകയിൽ, ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച തിരഞ്ഞെടുപ്പ് വാഗ്ദാനം ഉത്തരവായി പുറത്തിറക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി ടിക്കറ്റുകളിൽ യാത്രക്കാർ സ്ത്രീയാണോ പുരുഷനാണോ എന്ന് രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.
തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്വകാര്യ ബസുകൾ കുറവാണ്. എന്നാൽ കേരളത്തിൽ ബഹുഭൂരിപക്ഷം റൂട്ടുകളിലും സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ മാത്രം സൗജന്യം നൽകുന്നത് സ്വകാര്യ മേഖലയെ തകർക്കുമെന്ന് ഉടമകൾ വാദിക്കുന്നു. പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം.
സ്ത്രീയാത്രക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയ ശേഷം പദ്ധതിയുടെ സാമ്പത്തിക ബാധ്യതയും പ്രായോഗികതയും പരിശോധിക്കാനാണ് നിലവിൽ സർക്കാർ നീക്കം.
News Summary: Private bus owners in Kerala have expressed strong concern over the UDF government’s move to provide free travel for women in KSRTC buses. Following the Karnataka model, the government is planning to implement this election promise in its first cabinet meeting. Bus owners argue that unlike other states, Kerala relies heavily on private buses, and such a move would destroy the industry. They have urged the government to reconsider the decision or announce a special relief package for the private bus sector.

