വണ്ടിപ്പെരിയാറർ: ഇടുക്കി വണ്ടിപ്പെരിയാറിൽ വിവാഹസദ്യ വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം വലിയ സംഘർഷത്തിൽ കലാശിച്ചു. വരന്റെ ബന്ധുക്കളും കേറ്ററിങ് തൊഴിലാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ടുപേർക്ക് പരിക്കേറ്റു (Idukki wedding clash). വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വണ്ടിപ്പെരിയാർ ഗ്രാമ്പി സ്വദേശികളുടെ വിവാഹച്ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.
ഗ്രാമ്പി സ്വദേശികളായ പൊൻരാജ് (60), സുധ (37), റിധിൻ (17), സുബാഷ് (35), രാജേന്ദ്രൻ (40), കേറ്ററിങ് ഉടമ ജിയോ (38), ജീവനക്കാരായ അഭിജിത്ത് (22), അമൽ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യകേന്ദ്രം, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. വിവാഹച്ചടങ്ങുകൾക്ക് ശേഷം അവസാന പന്തിയിലാണ് വരന്റെ സഹോദരിയും ഭർത്താവും ഉൾപ്പെടെയുള്ളവർ ഭക്ഷണം കഴിക്കാനെത്തിയത്. ഈ സമയം കേറ്ററിങ് തൊഴിലാളികൾ മേശകൾ വൃത്തിയാക്കുകയായിരുന്നു. ഇവർ ഇരുന്ന മേശയിൽ ഭക്ഷണം വിളമ്പാൻ കഴിയില്ലെന്നും തൊട്ടടുത്തുള്ള മറ്റൊരു മേശയിലേക്ക് മാറണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുണ്ടായ തർക്കം കൈയാങ്കളിയിൽ അവസാനിക്കുകയായിരുന്നു.
തൊഴിലാളികൾ മോശമായി പെരുമാറിയെന്ന് ബന്ധുക്കളും, ബന്ധുക്കൾ പ്രകോപനമില്ലാതെ ആക്രമിച്ചെന്ന് കേറ്ററിങ് ഉടമയും ആരോപിക്കുന്നു. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary: A clash broke out during a wedding feast in Vandiperiyar, Idukki, over serving food, leaving eight people injured. The scuffle occurred between the groom’s relatives and catering staff when the relatives were asked to move to another table. Those injured, including the catering owner and staff, are undergoing treatment at nearby hospitals. Police have initiated an investigation into the incident.

