ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുള്ള മൗണ്ട് മറപ്പി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലകയറ്റക്കാർ കൊല്ലപ്പെട്ടു (Mount Marapi Eruption). അപകടസമയത്ത് മലനിരകളിൽ ഉണ്ടായിരുന്ന മറ്റ് നിരവധി പേരെ കണ്ടെത്താനായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ മൂന്ന് കിലോമീറ്ററോളം ഉയരത്തിൽ ചാരവും പുകയും ആകാശത്തേക്ക് ഉയർന്നു. മലകയറ്റക്കാർക്ക് താഴേക്ക് ഇറങ്ങാൻ സമയം ലഭിക്കുന്നതിന് മുൻപേ പ്രദേശം ചാരത്താൽ മൂടപ്പെട്ടു.
പരിക്കേറ്റ നിരവധി പേരെ രക്ഷാപ്രവർത്തകർ താഴെയെത്തിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാണാതായവർക്കായി സൈന്യവും പ്രാദേശിക ഭരണകൂടവും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ ചാരമഴയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
അഗ്നിപർവ്വതത്തിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ പരിധിയിൽ ആരും പ്രവേശിക്കരുതെന്ന് ഇന്തോനേഷ്യൻ അധികൃതർ കർശന നിർദ്ദേശം നൽകി. ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് മൗണ്ട് മറപ്പി. പ്രദേശത്തെ ഗ്രാമങ്ങളിൽ വൻതോതിൽ ചാരം വീണതിനെത്തുടർന്ന് ജനങ്ങൾക്ക് മാസ്ക് ധരിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.
Story Summary: At least three hikers were killed and several others remain missing after Mount Marapi volcano in West Sumatra, Indonesia, erupted unexpectedly on Sunday. The eruption sent a massive ash cloud 3 kilometers into the sky, trapping hikers on the slopes. Rescue operations are ongoing despite challenging conditions caused by volcanic ash and debris.

