കെയ്റോ: കാൻസർ രോഗിയാണെന്ന് അഭിനയിച്ച് സോഷ്യൽ മീഡിയയിലെ ആയിരക്കണക്കിന് ഫോളോവേഴ്സിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ഈജിപ്ഷ്യൻ ബ്ലോഗർ ദോനിയ ഫുവാദ് പോലീസിൽ കീഴടങ്ങി (Donia Fouad Egyptian Blogger Scam). ചികിത്സാ സഹായം എന്ന പേരിൽ ഏകദേശം 40 ലക്ഷം ഈജിപ്ഷ്യൻ പൗണ്ട് (ഏകദേശം 70 ലക്ഷം ഇന്ത്യൻ രൂപ) ഇവർ കൈക്കലാക്കിയതായാണ് വിവരം.
ചികിത്സയ്ക്കായി പണം വേണമെന്ന് നിരന്തരം അഭ്യർത്ഥിച്ചതിനെത്തുടർന്ന് സുമനസ്സുകൾ നൽകിയ പണമാണ് ഇവർ തട്ടിയെടുത്തത്. എന്നാൽ പിന്നീട് നടത്തിയ വൈദ്യപരിശോധനകളിൽ ഇവർക്ക് രോഗമില്ലെന്ന് വ്യക്തമായി. സംഭവത്തിൽ ഇവരുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദോനിയ അധികൃതർക്ക് മുന്നിൽ കീഴടങ്ങിയതെന്ന് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.
തനിക്ക് കാൻസറില്ലെന്നും പണം തട്ടാൻ കള്ളം പറയുകയായിരുന്നുവെന്നും ദോനിയ ഫേസ്ബുക്കിലൂടെ തുറന്നു സമ്മതിച്ചു. ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നും തനിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും ഇവർ കുറിപ്പിൽ പറഞ്ഞു. രോഗിയായി അഭിനയിക്കുമ്പോൾ ലഭിക്കുന്ന സഹതാപവും കരുതലും തനിക്ക് മാനസിക സംതൃപ്തി നൽകിയിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി.
അതേസമയം, ഓൺലൈൻ തട്ടിപ്പിന് ഇരയായ നിരവധി പേർ ദോനിയക്കെതിരെ നിയമനടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഇത്തരം പ്രവണതകൾ സോഷ്യൽ മീഡിയയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്ന വിമർശനം ശക്തമാണ്.
Story Summary: Egyptian blogger Donia Fouad surrendered to the police after admitting she faked having cancer to scam millions from her social media followers. She collected approximately 40 million Egyptian pounds (around ₹70 lakhs) in donations before medical tests proved she was healthy. Fouad claimed she did it to seek attention and suffers from mental health issues.

