ന്യൂഡൽഹി: രൺവീർ സിംഗ് പ്രധാന വേഷത്തിലെത്തിയ ‘ധുരന്ധർ’ എന്ന സിനിമയെച്ചൊല്ലി കോൺഗ്രസ് വക്താവ് ഷമ മുഹമ്മദും ഒരു എക്സ് ഉപയോക്താവും തമ്മിൽ രൂക്ഷമായ വാക്പോര്. ചിത്രത്തിന്റെ സംവിധാനത്തെയും മേക്കിംഗിനെയും പ്രശംസിച്ച് ഷമ മുഹമ്മദ് പോസ്റ്റിട്ടതോടെയാണ് തർക്കം തുടങ്ങിയത്. ചിത്രം മുസ്ലീം വിരുദ്ധമാണെന്നും വ്യാജപ്രചാരണം നടത്തുകയാണെന്നും ആരോപിച്ച ഉപയോക്താവിനോട് ഇന്ത്യ വിട്ട് പാകിസ്ഥാൻ പൗരത്വം എടുക്കാൻ ഷമ മുഹമ്മദ് തിരിച്ചടിച്ചു.(Congress Spokesperson Shama Mohamed Tells X User To Leave India Over Dhurandhar Film Controversy)
സിനിമ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന കമന്റാണ് ഷമയെ പ്രകോപിപ്പിച്ചത്. “ചിത്രം മുസ്ലീങ്ങളെയല്ല, പാകിസ്ഥാനികളെയാണ് മോശമായി കാണിക്കുന്നത്. ഇവ രണ്ടും തമ്മിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത് നിങ്ങളെപ്പോലുള്ളവരാണ്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ പേര് ചീത്തയാക്കാൻ നിങ്ങളെപ്പോലുള്ളവർ കാരണമാകുന്നു” എന്ന് ഷമ മുഹമ്മദ് മറുപടി നൽകി.
തുടർന്ന് തർക്കം മുറുകിയതോടെയാണ്, “നിങ്ങൾക്ക് ഇന്ത്യ വിട്ടുപോകാമെന്നും പാകിസ്ഥാൻ പൗരത്വം സ്വീകരിക്കാമെന്നും” ഷമ കുറിച്ചത്. ഇതിനെതിരെ തന്റെ പൂർവ്വികർ ഈ മണ്ണിൽ ജനിച്ചു വളർന്നവരാണെന്നും മുഗൾ പാരമ്പര്യമുള്ള ഷമയ്ക്ക് തന്നെ പുറത്താക്കാൻ അവകാശമില്ലെന്നും ഷുഐബ് തിരിച്ചടിച്ചു. ചിത്രം പ്രൊപ്പഗണ്ടയാണെന്ന ആരോപണം ഷമ മുഹമ്മദ് പൂർണ്ണമായും തള്ളി. പാകിസ്ഥാനും ഐഎസ്ഐയും ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്നും അത് തുറന്നു പറയുന്നതിൽ തെറ്റില്ലെന്നും അവർ വ്യക്തമാക്കി. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദം അവസാനിക്കേണ്ടതുണ്ടെന്നും ഷമ മുഹമ്മദ് കൂട്ടിച്ചേർത്തു.
Story Summary
Congress spokesperson Shama Mohamed sparked a controversy on X after she told a user to “leave India and take Pakistan citizenship” for calling Ranveer Singh’s film Dhurandhar a propaganda movie. She defended the film, stating it targets Pakistani-backed terrorism and not the Indian Muslim community.

