ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയുടെ അടുത്ത നീക്കം എന്തായിരിക്കും? രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച പാർട്ടി അധ്യക്ഷൻ വിജയ് ഒരു സീറ്റ് ഒഴിയേണ്ടി വരുമെന്നിരിക്കെ, അവിടെ ആര് മത്സരിക്കുമെന്നതിനെച്ചൊല്ലി ചർച്ചകൾ കൊഴുക്കുകയാണ് (Trisha Politics Entry). തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ ടിവികെ ടിക്കറ്റിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ചെന്നൈയിൽ ശക്തമാകുന്നത്.
നഗരപ്രദേശമായ പെരമ്പൂരിലും ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായ ട്രിച്ചി ഈസ്റ്റിലും വിജയ് നേടിയത് ഉജ്ജ്വല വിജയമാണ്. എന്നാൽ തമിഴ് മാധ്യമങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം, വിജയ് പെരമ്പൂർ മണ്ഡലം നിലനിർത്താനാണ് സാധ്യത. അങ്ങനെ വന്നാൽ ട്രിച്ചി ഈസ്റ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. വിജയ് തന്നെ നേരിട്ട് മത്സരിച്ച് ജയിച്ച മണ്ഡലമായതിനാൽ അവിടെ മറ്റൊരു കരുത്തനായ സ്ഥാനാർത്ഥിയെത്തന്നെ ടിവികെ രംഗത്തിറക്കും.
വോട്ടെണ്ണൽ ദിനത്തിൽ വിജയിയെ അഭിനന്ദിക്കാൻ അദ്ദേഹത്തിന്റെ നീലാങ്കരയിലെ വീട്ടിലെത്തിയ തൃഷയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന വാർത്തകൾക്ക് പ്രചാരമേറിയത്. തൃഷയുടെ രാഷ്ട്രീയ മോഹങ്ങളെക്കുറിച്ചുള്ള ഒരു പഴയ അഭിമുഖവും ഇതിനിടെ ഇന്റർനെറ്റിൽ വീണ്ടും തരംഗമായിട്ടുണ്ട്:
“അടുത്ത 10 വർഷത്തിനുള്ളിൽ എനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാകണം. ആദ്യം നിങ്ങളെല്ലാവരും വോട്ട് ചെയ്ത് എന്നെ തിരഞ്ഞെടുക്കൂ, ബാക്കി പിന്നെ പറയാം” – വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ തമാശരൂപേണ തൃഷ പറഞ്ഞ ഈ വാക്കുകൾ ഇപ്പോൾ യാഥാർത്ഥ്യമാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വിജയ് നായകനായ ‘ഗില്ലി’യിലെ പാട്ടിനൊപ്പമുള്ള ചിത്രം വോട്ടെടുപ്പ് ദിനത്തിൽ തൃഷ പങ്കുവെച്ചതും ഇരുവരും തമ്മിലുള്ള സൗഹൃദവും രാഷ്ട്രീയ എതിരാളികൾ ചർച്ചയാക്കിയിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളോട് ടിവികെ നേതൃത്വമോ തൃഷയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ കോട്ടകൾ തകർത്താണ് വിജയ് മുന്നേറിയത്. ട്രിച്ചി ഈസ്റ്റിൽ വിജയ് രാജിവെക്കുകയാണെങ്കിൽ, അവിടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ടിവികെയെ സംബന്ധിച്ച് അഭിമാന പോരാട്ടമാകും. തൃഷയെപ്പോലൊരു സെലിബ്രിറ്റി സ്ഥാനാർത്ഥി വന്നാൽ അത് മണ്ഡലത്തിൽ പാർട്ടിയുടെ മേധാവിത്വം ഉറപ്പിക്കാൻ സഹായിക്കുമെന്നും ഒരു വിഭാഗം പ്രവർത്തകർ കരുതുന്നു.
Story Summary: Following Thalapathy Vijay’s historic win in both Perambur and Trichy East, speculation is rife that actress Trisha might contest the upcoming by-election from Trichy East on a TVK ticket. Vijay is expected to retain the Perambur seat, and Trisha’s recent visit to his residence has fueled rumors of her political debut.

