തിരുവനന്തപുരം: കേരള നിയമസഭയിൽ നൂറിലേറെ സീറ്റുകളുടെ പടുകൂറ്റൻ ഭൂരിപക്ഷവുമായി യുഡിഎഫ് അധികാരമുറപ്പിക്കുമ്പോൾ, തകർന്നടിഞ്ഞ എൽഡിഎഫിനെ സഭയ്ക്കുള്ളിൽ ആര് നയിക്കുമെന്ന ചോദ്യം പ്രസക്തമാകുന്നു (New Leader of Opposition Kerala). പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്ന സാഹചര്യത്തിൽ, അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് മാറാൻ സന്നദ്ധനാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പിണറായി മാറുമോ? ബാലഗോപാൽ മുൻനിരയിൽ
സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ വിമുഖത കാണിച്ചാൽ, ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്നത് കെ.എൻ. ബാലഗോപാൽ ആണ്. യുഡിഎഫ് തരംഗത്തിലും അടിപതറാതെ പിടിച്ചുനിന്ന ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം. കെ.കെ. ശൈലജ, പി. രാജീവ്, എം.ബി. രാജേഷ് തുടങ്ങിയ ഹെവിവെയ്റ്റ് നേതാക്കൾ പരാജയപ്പെട്ടത് പാർട്ടിക്ക് സഭയ്ക്കുള്ളിൽ വലിയ വിടവുണ്ടാക്കിയിട്ടുണ്ട്.
സജി ചെറിയാനും മുഹമ്മദ് റിയാസും പട്ടികയിൽ
ബാലഗോപാൽ ഏതെങ്കിലും തരത്തിലുള്ള അസൗകര്യം പ്രകടിപ്പിച്ചാൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരിലേക്കും ചർച്ചകൾ നീണ്ടേക്കാം. നിലവിൽ പാർട്ടിയിലെ സീനിയോറിറ്റി പരിഗണിച്ചാൽ സജി ചെറിയാന് മുൻഗണനയുണ്ട്. എന്നാൽ യുവാക്കളുടെ പ്രാതിനിധ്യം എന്ന നിലയിൽ മുഹമ്മദ് റിയാസിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.
അതേസമയം, ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ പാർട്ടിയെയും മുന്നണിയെയും സഭയിൽ പ്രതിരോധിക്കാൻ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവായി തുടരണമെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്. വരും ദിവസങ്ങളിൽ ചേരുന്ന പാർട്ടി സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
Story Summary: Following the LDF’s defeat, discussions are heating up over who will become the Leader of the Opposition. While Pinarayi Vijayan’s role is uncertain, K.N. Balagopal is a top contender, with Saji Cherian and P.A. Mohammed Riyas also being considered as potential leaders.

