വയനാട്: കടുത്ത പോരാട്ടം പ്രവചിക്കപ്പെട്ടിരുന്ന കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ എതിരാളികളെ നിഷ്പ്രഭമാക്കി ടി. സിദ്ദിഖ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 45,031 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിദ്ദിഖ് മണ്ഡലം നിലനിർത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 5,470 വോട്ടുകൾക്ക് വിജയിച്ച മണ്ഡലത്തിലാണ് ഇക്കുറി അദ്ദേഹം ചരിത്ര വിജയം നേടിയത്.(T Siddique Kalpetta Win, Wayanad Election Results 2026)
ടി. സിദ്ദിഖ് (യുഡിഎഫ്): 97,379, പി.കെ. അനിൽകുമാർ (എൽഡിഎഫ്): 52,348, പ്രശാന്ത് മലവയൽ (എൻഡിഎ): 19,175 എന്നിങ്ങനെയാണ് നില. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവും അതിനെത്തുടർന്നുള്ള പുനരധിവാസ ചർച്ചകളുമായിരുന്നു ഇത്തവണ കൽപ്പറ്റയിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ. ദുരന്തബാധിതർക്ക് വീട് നൽകുന്നതിലെ അനിശ്ചിതത്വവും ടൗൺഷിപ്പ് നിർമ്മാണത്തിലെ എംഎൽഎയുടെ പങ്കും ഉയർത്തിക്കാട്ടി എൽഡിഎഫ് ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
കൂടാതെ, കേന്ദ്രസഹായം ലഭിക്കാത്തതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരുകളും പ്രചാരണത്തെ ചൂടുപിടിപ്പിച്ചു. എന്നാൽ, ഈ വിവാദങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് വയനാടിന്റെ വികസനത്തിനൊപ്പം നിന്ന സിദ്ദിഖിനെ കൽപ്പറ്റ വീണ്ടും നെഞ്ചിലേറ്റുകയായിരുന്നു. 2016-ൽ ഇടത് മുന്നണി പിടിച്ചെടുത്ത മണ്ഡലം 2021-ൽ സിദ്ദിഖിലൂടെയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. മണ്ഡലത്തിൽ ഇത്തവണ ഉണ്ടായ വൻ ഭൂരിപക്ഷം വയനാട്ടിലെ യുഡിഎഫ് സ്വാധീനം കൂടുതൽ ശക്തമാണെന്ന് തെളിയിക്കുന്നു.
Story Summary
T. Siddique secured a landslide victory in the Kalpetta constituency with a record margin of 45,031 votes in the 2026 Kerala Assembly elections. Despite intense political debates over Wayanad landslide rehabilitation and local development, Siddique significantly increased his majority compared to the 2021 elections.

