Description
Digital Voice of Kerala
Sunday, May 3, 2026

Digital Voice of Kerala
HomeKerala Assembly Election 2026കേരളത്തിൽ ആര് വീഴും, ആര് വാഴും? നാളെയറിയാം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ...

കേരളത്തിൽ ആര് വീഴും, ആര് വാഴും? നാളെയറിയാം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം, നടപടികൾ വേഗത്തിലാക്കാൻ ഹൈക്കമാൻഡ് | Vote counting

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ നാളെ നടക്കും. ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫിന്റെ ആത്മവിശ്വാസവും ഭരണമാറ്റമുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആവേശഭരിതരായ യു.ഡി.എഫും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അന്തിമഫലം നാളെ ഉച്ചയോടെ വ്യക്തമാകും. രാവിലെ 8 മണിക്ക് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ 43 കേന്ദ്രങ്ങളും ആകാംക്ഷയുടെ മുനമ്പിലാകും.(Kerala will decide its fate tomorrow on vote counting, CM discussions are active in Congress)

യു.ഡി.എഫിന് അനുകൂലമായ ഫലമാണ് വരുന്നതെങ്കിൽ നടപടികൾ വേഗത്തിലാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫലം വന്ന് രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തി നിയുക്ത എം.എൽ.എമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം തേടും. നിലവിലെ സൂചനകൾ പ്രകാരം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കേരളത്തിന്റെ ഭരണനേതൃത്വത്തിലേക്ക് എത്തിക്കാനുള്ള സാധ്യതകളും ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്.

തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെയും, കുറഞ്ഞത് 85 സീറ്റുകളോടെ ഭരണവും യു.ഡി.എഫ് ഉറപ്പിക്കുന്നു. കൗണ്ടിംഗ് ഏജന്റുമാർക്ക് പ്രത്യേക പരിശീലനം നൽകിയ കോൺഗ്രസ് നേതൃത്വം വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എക്സിറ്റ് പോൾ ഫലങ്ങളെ തള്ളുന്ന ഇടതുമുന്നണി 75 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്താമെന്ന കണക്കുകൂട്ടലിലാണ്. നേമവും കഴക്കൂട്ടവും നിലനിർത്തുന്നതിനൊപ്പം കൂടുതൽ സീറ്റുകൾ നേടി അക്കൗണ്ട് വിപുലീകരിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

വി.ഡി. സതീശൻ നാളെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ‘കന്റോൺമെന്റ് ഹൗസി’ലിരുന്നാകും ഫലം അറിയുക. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് “എല്ലാം നാളെ പറയാം” എന്ന പ്രതികരണമാണ് അദ്ദേഹം നൽകിയത്. കെ.സി. വേണുഗോപാൽ തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തായിരിക്കും. രമേശ് ചെന്നിത്തല സ്വന്തം മണ്ഡലമായ ഹരിപ്പാട് ഫലമറിയാൻ കാത്തിരിക്കും. സംസ്ഥാനത്തുടനീളം 15,000 ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണൽ സുഗമമാക്കാൻ ത്രിതല സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.